മരടിലെ ഫ്‌ലാറ്റ് പൊളിക്കല്‍: ശരത് ബി സര്‍വ്വാതെ ഇന്ന് ഫ്‌ലാറ്റുകള്‍ പരിശോധിക്കും

രാവിലെ മരട് നഗര സഭയില്‍ എത്തുന്ന അദ്ദേഹം സര്‍ക്കാര്‍ നിയോഗിച്ച 11 അംഗ സാങ്കേതിക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. പൊളിക്കല്‍ ചുമതലയുള്ള ഫോര്‍ട്ടുകൊച്ചി സബ്കളക്ടറും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

Update: 2019-10-11 02:41 GMT

കൊച്ചി: മരടിലെ ഫാലാറ്റുകള്‍ പൊളിക്കുന്നതില്‍ ഉപദേശം നല്‍കാന്‍ ഇന്‍ഡോറില്‍ നിന്നെത്തിയ വിദഗ്ധന്‍ ശരത് ബി സര്‍വ്വാതെ ഇന്ന് ഫ്‌ലാറ്റുകള്‍ പരിശോധിക്കും. രാവിലെ മരട് നഗര സഭയില്‍ എത്തുന്ന അദ്ദേഹം സര്‍ക്കാര്‍ നിയോഗിച്ച 11 അംഗ സാങ്കേതിക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. പൊളിക്കല്‍ ചുമതലയുള്ള ഫോര്‍ട്ടുകൊച്ചി സബ്കളക്ടറും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

തുടര്‍ന്ന് ഇവര്‍ പൊളിക്കാനുള്ള പാര്‍പ്പിട സമുച്ചയങ്ങള്‍ പരിശോധിക്കും. അതിനു ശേഷം കരാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മൂന്ന് കമ്പനികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും ഈ ചര്‍ച്ചക്ക് ശേഷം ഫഌറ്റുകള്‍ പൊളിക്കുന്നതിനുള്ള കമ്പനികളെ സംബന്ധിച്ചുള്ള തീരുമാനം കൈകൊള്ളും.

അതിനിടെ, മരടിലെ ഫ്‌ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. കൊച്ചിയില്‍ ചേര്‍ന്ന ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടേതാണ് തീരുമാനം. നഗരസഭയില്‍ ഉടമസ്ഥാവകാശ രേഖയില്ലെങ്കിലും വില്‍പ്പന കരാര്‍ ഹാജരാക്കുന്നവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകുമെന്ന് സമിതി അറിയിച്ചു.

നഗരസഭയിലെ ഉടമസ്ഥാവകാശ രേഖ കൈപ്പറ്റാത്ത ഉടമകള്‍ക്ക് വില്‍പ്പന കരാര്‍ രേഖ ഹാജരാക്കിയാലും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകുമെന്നാണ് കൊച്ചിയില്‍ ആദ്യ യോഗം ചേര്‍ന്ന് സമിതി അറിയിച്ചത്. നിര്‍മ്മാതാക്കള്‍ക്ക് എത്ര രൂപയാണ് ഫ്‌ലാറ്റിനായി നല്‍കിയതെന്ന് വ്യക്തമാകാന്‍ യഥാര്‍ത്ഥ വില ഉള്‍ക്കൊള്ളിച്ച് ഓരോ ഫ്‌ലാറ്റ് ഉടമകളോടും സമിതി സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, പിഡബ്ല്യുഡി മുന്‍ ചീഫ് എഞ്ചിനീയര്‍ ആര്‍ മുരുകേശന്‍ എന്നിവരാണ് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

അതേസമയം, മരട് ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരായ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷറഫിനെ ഇന്നലെ ചോദ്യം ചെയ്തു. അഷറഫ് പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന കാലത്താണ് മരടിലെ വിവാദ ഫ്‌ലാറ്റുകളുടെ നിര്‍മാണത്തിന് അനുമതി ലഭിച്ചത്.

Tags:    

Similar News