ഉന്നാവോ ബലാല്‍സംഗക്കേസ്: മുഖ്യപ്രതി കുല്‍ദീപ് സെന്‍ഗറിനെതിരേ പോക്‌സോ ചുമത്തി
തീസ് ഹസാരിയിലെ പ്രത്യേക കോടതിയാണ് സെന്‍ഗറിനെതിരേ പോക്‌സോ വകുപ്പുകൂടി ചുമത്താന്‍ ഉത്തരവിട്ടത്. പീഡനസമയത്ത് പെണ്‍കുട്ടിക്ക് 18 വയസിനുമുകളില്‍ പ്രായമുണ്ടായിരുന്നുവെന്ന് പ്രതിഭാഗം വാദിച്ചതിനെത്തുടര്‍ന്ന് കുല്‍ദീപിനെതിരേ പോക്‌സോ വകുപ്പ് ചുമത്തിയിരുന്നില്ല.
ന്യൂഡല്‍ഹി: ഉന്നാവോ ബലാല്‍സംഗക്കേസിലെ മുഖ്യപ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരേ പോക്‌സോ ചുമത്തി. തീസ് ഹസാരിയിലെ പ്രത്യേക കോടതിയാണ് സെന്‍ഗറിനെതിരേ പോക്‌സോ വകുപ്പുകൂടി ചുമത്താന്‍ ഉത്തരവിട്ടത്. പീഡനസമയത്ത് പെണ്‍കുട്ടിക്ക് 18 വയസിനുമുകളില്‍ പ്രായമുണ്ടായിരുന്നുവെന്ന് പ്രതിഭാഗം വാദിച്ചതിനെത്തുടര്‍ന്ന് കുല്‍ദീപിനെതിരേ പോക്‌സോ വകുപ്പ് ചുമത്തിയിരുന്നില്ല.
എന്നാല്‍, പ്രതിഭാഗത്തിന്റെ വാദം തള്ളി പീഡനസമയത്ത് പെണ്‍കുട്ടിക്ക് 17 വയസായിരുന്നുവെന്ന് വിലയിരുത്തിയാണ് കോടതി കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്ന പോക്‌സോ നിയമത്തിലെ മൂന്നും നാലും സെക്ഷനുകള്‍ പ്രകാരം കുറ്റം ചുമത്തിയത്. പോക്‌സോയ്ക്ക് പുറമെ ക്രിമിനല്‍ ഗൂഢാലോചന (സെക്ഷന്‍ 120 ബി), തട്ടിക്കൊണ്ടുപോവല്‍ (സെക്ഷന്‍ 363), തട്ടിക്കൊണ്ടുപോവുകയോ വിവാഹത്തിന് നിര്‍ബന്ധിക്കുകയോ ചെയ്യല്‍ (സെക്ഷന്‍ 366), പീഡനം (സെക്ഷന്‍ 376) തുടങ്ങിയ കുറ്റങ്ങളും സെന്‍ഗറിനെതിരേ ചുമത്തിയിട്ടുണ്ട്.
സെന്‍ഗന്റെ കൂട്ടാളി ശശി സിങ്ങിനെതിരേ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കുറ്റവും കോടതി ചുമത്തിയിട്ടുണ്ട്. തീസ് ഹസാരി ജില്ലാ ജഡ്ജ് ധര്‍മേഷ് ശര്‍മയാണ് ഇരുവര്‍ക്കെതിരേയും കുറ്റം ചുമത്താന്‍ നിര്‍ദേശിച്ചത്. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കുല്‍ദീപ് സിങ്ങിനെതിരായ ബലാല്‍സംഗക്കേസ് ലഖ്‌നോവിലെ കോടതിയില്‍നിന്ന് ഡല്‍ഹിയിലെ കോടതിയിലേക്ക് മാറ്റിയത്. ഇതുമായി ബന്ധപ്പെട്ട സെന്‍ഗറിനെതിരായ അഞ്ചുകേസുകളും ഇതിന് പുറമെ ഉന്നാവോ പെണ്‍കുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസും തീസ് ഹസാരി കോടതിയുടെ പരിഗണനയിലാണുള്ളത്.
ജൂലൈ 28ന് റായ്ബറേലിയില്‍വച്ച് കാറില്‍ ട്രക്കിടിച്ച് ഉന്നാവോ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും ഡല്‍ഹി എയിംസില്‍ മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണം ഏറ്റെടുത്ത സിബിഐ ഇതിനകം ജയിലില്‍ കഴിയുന്ന കുല്‍ദീപ് സിങ് ഉള്‍പ്പടെ 10 പേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. അഞ്ചുകേസുകളുടെയും അന്വേഷണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് സുപ്രിംകോടതി സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊലക്കുറ്റം ചുമത്തിയതിന് പിന്നാലെ കുല്‍ദീപിനെ ബിജെപി പുറത്താക്കിയിരുന്നു.