മോഷണക്കുറ്റം ആരോപിച്ച് പ്രവാസിയെ ജയിലിലടച്ച സംഭവം: എസ് ഐയുടെ ഒരു വര്‍ഷത്തെ ശമ്പളവും പ്രമോഷനും തടഞ്ഞു

Update: 2021-03-26 12:12 GMT
കണ്ണൂര്‍: മോഷണക്കുറ്റം ആരോപിച്ച് പ്രവാസിയെ ജയിലിലടച്ച എസ് ഐയുടെ ഒരു വര്‍ഷത്തെ ശമ്പളവും പ്രമോഷനും തടഞ്ഞ് വകുപ്പുതല ശിക്ഷ. കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ല് മുന്‍ എസ്‌ഐയായിരുന്ന പി ബിജുവിനെതിരേയാണ് ഉത്തരമേഖല ഐജി അശോക് യാദവ് പുതിയ ഉത്തരവിറക്കിയത്. കതിരൂര്‍ സ്വദേശിയായ വി കെ താജുദ്ദീനാണ് നിയമയുദ്ധം നടത്തിയത്. വഴിയാത്രക്കാരിയുടെ കഴുത്തില്‍നിന്നു ബൈക്കിലെത്തി സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ടെന്നായിരുന്നു താജുദ്ദീനെതിരേ പോലിസ് ചുമത്തിയ കേസ്. സംഭവത്തില്‍ കേസെടുത്ത എസ്‌ഐ പി ബിജു സിസിടിവി ദൃശ്യങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ ഉറച്ചുനിന്നു. 54 ദിവസം ജയിലില്‍ കഴിയേണ്ടിവന്ന താജുദ്ദീന്റെ കുടുംബം ആരോപണം നിഷേധിച്ച് വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും പോലിസ് പരിഗണിച്ചില്ല. താജുദ്ദീന്‍ പുറത്തിറങ്ങിയ ശേഷം നിയമനടപടിയുമായി മുന്നോട്ടുപോയതാണ് എസ് ഐ ബിജുവിന് തിരിച്ചടിയായത്. സംഭവത്തില്‍ കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ് ഐ ബിജുവിനെ സ്ഥലംമാറ്റിയിരുന്നു. എന്നാല്‍, ശിക്ഷ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി താജുദ്ദീന്‍ പിന്നാക്ക സമുദായ ക്ഷേമ സമിതി മുമ്പാകെ ഹരജി നല്‍കി. നടപടിക്കെതിരെ എസ്‌ഐ ബിജുവും അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും ഇതിനെ എതിര്‍ത്താണ് ഐജി ഒരുവര്‍ഷത്തെ ശമ്പളവും സ്ഥാനക്കയറ്റവും തടഞ്ഞ് ഉത്തരവിറക്കിയത്. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ 60 ദിവസം സമയം എസ്‌ഐയ്ക്ക് അനുവദിച്ചിരുന്നു.

    കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരെ പുസ്തകം വായിപ്പിച്ചും മറ്റുമുള്ള ശിക്ഷാ രീതികളിലൂടെ വ്യത്യസ്തനായ ചക്കരക്കല്ല് പോലിസ് സ്‌റ്റേഷനിലെ എസ് ഐ പി ബിജു ജനശ്രദ്ധ നേടിയിരുന്നു. വിശാലമായ ലൈബ്രറി സംവിധാനവും കുറ്റവാളികള്‍ക്കു വേണ്ടി സംവാദം സംഘടിപ്പിച്ചും വേറിട്ട മാതൃത തീര്‍ത്തിരുന്നു. ഇതിനിടെയാണ് ഔദ്യോഗിക ജീവിതത്തില്‍ തന്നെ കരിനിഴല്‍ വീഴ്ത്തിയ സംഭവമുണ്ടായത്. 2018 ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം. സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഒരാള്‍ വീട്ടമ്മയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യത്തിലെ രൂപസാദൃശ്യം കണക്കിലെടുത്ത് പോലിസ് താജുദ്ദീനെ അറസ്റ്റ് ചെയ്തു. ഇവര്‍ കുറ്റം നിഷേധിച്ചെങ്കിലും പോലിസും പരാതിക്കാരിയും ഉറച്ചുനിന്നു. ഇതിനിടെ മാനനഷ്യവും വിദേശത്തെ ജോലിയും നഷ്ടപ്പെട്ട താജുദ്ദീന്‍ നിയമപോരാട്ടം തുടര്‍ന്നു.

    എസ്‌ഐയ്‌ക്കെതിരേ ആരോപണം ഉയര്‍ന്നപ്പോള്‍ അന്നത്തെ കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍ കേസന്വേഷണം ഏറ്റെടുക്കുകയും കേസിലെ യഥാര്‍ഥ പ്രതി വടകര അഴിയൂരിലെ ശരത് വല്‍സരാജിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതോടെ എസ്‌ഐയ്‌ക്കെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു. പീഡിപ്പിച്ചതിനും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിനും 1.40 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താജുദ്ദീന്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. സ്ത്രീയുടെ മാല പൊട്ടിച്ച കേസിന്റെ അന്വേഷണ കാലയളവില്‍ ശാസ്ത്രീയമായ തെളിവുകളൊന്നും എസ്‌ഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. പ്രതിചേര്‍ക്കപ്പെട്ടയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, സംഭവസമയത്തുള്ള സിസിടിവി ദൃശ്യങ്ങള്‍, മോഷണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ നിറം എന്നിവ എസ്‌ഐ പരിശോധിച്ചില്ലെന്ന് ഐജിയുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏതായാലും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കിയതിനെതിരേ പ്രവാസി നടത്തിയ നിയമപോരാട്ടത്തില്‍ ഊര്‍ജ്ജം പകരുന്നതാണ് ഉത്തരമേഖലാ ഐജിയുടെ നടപടി.

Expatriate jailed for theft: SI withholds one year's salary and promotion

Tags: