ഇസ്രായേല്‍ ജയിലില്‍നിന്നും രക്ഷപ്പെട്ട ആറ് ഫലസ്തീന്‍ തടവുകാരില്‍ നാലുപേര്‍ പിടിയില്‍

രണ്ട് പേരെ ഈ പ്രദേശത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടതായി ഒരു ഇസ്രായേലി പൗരന്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

Update: 2021-09-11 15:41 GMT

ജറുസലേം: ഇസ്രായേലിലെ അതീവസുരക്ഷാ ജയിലില്‍നിന്ന് രക്ഷപ്പെട്ട ആറ് ഫലസ്തീന്‍ തടവുകാരില്‍ നാലു തടവുകാരെ പിടികൂടി. കഴിഞ്ഞ ദിവസം രണ്ടുപേരെ പിടികൂടിയ ഇസ്രായേല്‍ സുരക്ഷാ സേന ഇന്നലെ രണ്ടു പേരെ കൂടി പിടികൂടി.

അല്‍ അഖ്‌സ ബ്രിഗേഡ് നേതാവ് സക്കരിയ സുബൈദി, മൂന്ന് ജീവപര്യന്തം തടവുകള്‍ ഒന്നിച്ചനുഭവിക്കുന്ന മുഹമ്മദ് അറദെ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഉമ്മുല്‍ ഖാനം ഗ്രാമത്തില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഇസ്രായേലി പത്രം ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തു. ഇനി രണ്ടു തടവുകാര്‍ കൂടിയാണ് അറസ്റ്റിലാവാനുള്ളത്.

രണ്ട് പേരെ ഈ പ്രദേശത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടതായി ഒരു ഇസ്രായേലി പൗരന്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. സുബൈദിയെ പോലെ തോന്നിക്കുന്ന ഒരാള്‍ തന്നോട് ഭക്ഷണത്തിന് ചോദിച്ചതായും ഇയാള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് പോലിസ് ഉമ്മുല്‍ ഖാനം ഗ്രാമത്തിലേക്ക് എത്തുകയു തെരച്ചില്‍ നടത്തുകയും ചെയ്തു. ഒരു വാനില്‍ ഒളിച്ചിരിക്കുന്ന നിലയിലായിരുന്നു മുഹമ്മദ് അറദെ. സമീപത്തുള്ള ഒലീവ് തോട്ടത്തില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് സുബൈദിയെ കണ്ടെത്തിയതെന്ന് പോലിസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഇവര്‍ ക്ഷീണിതരും അവശരുമായിരുന്നുവെന്ന് ഇസ്രായേലി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഭക്ഷണം കഴിക്കാതെ ചെടികളുടെ മറവിലും മറ്റും ഒളിച്ചിരിക്കുകയായിരുന്നു രണ്ടുപേരും. കുളിക്കുക പോലും ചെയ്യാതെ മുഷിഞ്ഞ അവസ്ഥയിലായിരുന്നുവത്രെ ഇവര്‍. പിടിയിലായവരെ സുരക്ഷിത കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. അഭിഭാഷകരെ പോലും കാണാന്‍ ഇവരെ അനുവദിച്ചിട്ടില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

മറ്റ് രണ്ടുപേരെയും മിനിഞ്ഞാന്ന് ഇസ്രായേലിലെ നസറേത്ത് ഗ്രാമത്തില്‍ നിന്നാണ് പിടികൂടിയത്. മഹമ്മൂദ് അറദെ, യാക്കൂബ് ഖാദരി എന്നിവരാണ് പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് നടത്തിയ തെരച്ചിലില്‍ പിടിയിലായത്. വടക്കന്‍ ഇസ്രായേലിലെ ഗില്‍ബോവ ജയിലില്‍ അഞ്ചാം തീയതി പുലര്‍ച്ചെയാണ് ആറ് ഫലസ്തീന്‍ തടവുകാര്‍ രക്ഷപ്പെട്ടത്. ഒരു സെല്ലില്‍ ഒരുമിച്ച് കൂടിയ തടവുകാര്‍ ബാത്ത്റൂമില്‍ നിന്നും പുറത്തേക്ക് തുരങ്കം നിര്‍മിച്ചാണ് രക്ഷപ്പെട്ടത്.