ട്രെയിനില്‍ നമസ്‌കരിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ബിജെപി

കഴിഞ്ഞ ദിവസം ഏതാനും പേര്‍ ട്രെയിനില്‍ വെച്ച് നമസ്‌കരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Update: 2022-10-22 14:16 GMT

ലഖ്‌നൗ: ട്രെയിനില്‍ നമസ്‌കാരം നിര്‍വഹിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. കഴിഞ്ഞ ദിവസം ഏതാനും പേര്‍ ട്രെയിനില്‍ വെച്ച് നമസ്‌കരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഉത്തര്‍പ്രദേശിലെ ഖദ്ദ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ സമയത്ത് നാല് പുരുഷന്മാര്‍ നമസ്‌കരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. മുന്‍ ബിജെപി എംഎല്‍എ ദീപ് ലാല്‍ ആണ് വീഡിയോ ചിത്രീകരിച്ചതും പരാതിയുമായി രംഗത്തുവന്നതും.

പൊതുസ്ഥലങ്ങളില്‍ നമസ്‌കരിക്കുന്നത് തെറ്റാണെന്നും വഴി തടസപ്പെടുത്തി നാല് പേര്‍ നമസ്‌കരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ തന്നെയാണ് വീഡിയോ എടുത്തതെന്നും ലാല്‍ പറഞ്ഞു. റെയില്‍വേ അധികൃതര്‍ക്കാണ് ഇദ്ദേഹം പരാതി നല്‍കിയത്. നമസ്‌കരിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 20നാണ് വീഡിയോ പുറത്തുവന്നത്. വീഡിയോ പരിശോധിച്ച് നടപടിയെടുക്കമെന്ന് ആര്‍പിഎഫ് അറിയിച്ചിട്ടുണ്ട്.


Tags: