പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ അന്തരിച്ചു

Update: 2023-04-25 16:47 GMT

ഛണ്ഡിഗഢ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലി ദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ശ്വാസതടസ്സം കാരണം മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മകനും ശിരോമണി അകാലി ദള്‍ പസിഡന്റുമായ സുഖ്ബീര്‍ സിങ് ബാദലാണ് മരണവിവരം അറിയിച്ചത്. അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. 192 ഡിസംബര്‍ എട്ടിന് ജാട്ട് സിഖ് കുടുംബത്തിലാണ് ജനനം. ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബാദല്‍ 1947ലാണ് രാഷ്ട്രീയത്തിലെത്തിയത്. ബാദല്‍ ഗ്രാമത്തിന്റെ സര്‍പാഞ്ച് പദവിയില്‍ തുടങ്ങിയ അദ്ദേഹം പിന്നീട് ബ്ലോക്ക് സമിതി ചെയര്‍മാനായി. 1957ല്‍ ശിരോമണി അകാലി ദള്‍ സ്ഥാനാര്‍ഥിയായി പഞ്ചാബ് വിധാന്‍ സഭയിലെത്തി. 1969ല്‍ മന്ത്രിസഭയിലെത്തി. 10 തവണ എംഎല്‍എയായ ഇദ്ദേഹം 1972, 1980, 2002 വര്‍ഷങ്ങളില്‍ പ്രതിപക്ഷ നേതാവായിരുന്നു.

    1970ലാണ് ആദ്യമായി മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത് ഒരു ഇന്ത്യന്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു ബാദല്‍. 1977 മുതല്‍ 1980 വരെയും 1997 മുതല്‍ 2002 വരെയും 2007 മുതല്‍ 2017 വരെയും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. ബാദലിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.

Tags: