ഹാവഡ് സര്‍വ്വകലാശാലയില്‍ ജോലി വാഗ്ദാനം ചെയ്തു കബളിപ്പിച്ചു; പരാതിയുമായി മാധ്യമ പ്രവര്‍ത്തക

ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ തസ്തികയില്‍നിന്ന് രാജിവെച്ച മാധ്യമ പ്രവര്‍ത്തക നിധി റസ്ദാനാണ് പരാതിക്കാരി.

Update: 2021-01-15 18:53 GMT

ന്യൂഡല്‍ഹി: ഹാവഡ് സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി മാധ്യമപ്രവര്‍ത്തക.ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ തസ്തികയില്‍നിന്ന് രാജിവെച്ച മാധ്യമ പ്രവര്‍ത്തക നിധി റസ്ദാനാണ് പരാതിക്കാരി. സങ്കീര്‍ണമായ 'ഫിഷിങ്' ആക്രമണത്തിന് താന്‍ ഇരയായെന്ന് നിധി ആരോപിക്കുന്നു. ഹാവഡ് സര്‍വകലാശാലയില്‍ അധ്യാപന നിയമനം 'ലഭിച്ച'തിന് പിന്നാലെ 2020 ജൂണിലാണ് നിധി ജോലിയില്‍നിന്ന് രാജിവച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ കൊവിഡ് മഹാമാരിയെത്തുകയും തുടര്‍ന്ന് കാലതാമസം നേരിടുകയും ചെയ്തു. 2021 ജനുവരിയിലാണ് ഹാവഡില്‍ ക്ലാസ് തുടങ്ങുക എന്ന അറിയിപ്പ് ലഭിച്ചതിന് പിന്നാലെ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന് ഇരയായതായി മനസിലായത്.

സംഘടിതവും സങ്കീര്‍ണവുമായ ഫിഷിങ് ആക്രമണത്തിന് ഇരയായതായി ട്വിറ്ററില്‍ പങ്കുവെച്ച പ്രസ്താവനയില്‍ നിധി പറയുന്നു. ജോലിക്കുള്ള വ്യാജ ഓഫര്‍ ലെറ്റര്‍ കിട്ടിയതിനെ തുടര്‍ന്ന് തന്റെ വ്യക്തിഗത വിവരങ്ങളും ഇ മെയില്‍ വിശദാംശങ്ങളും കൈമാറിയെന്നും നിധി പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Tags:    

Similar News