ആശുപത്രിയില്‍ കിടക്ക ലഭിക്കാതെ 5 മണിക്കൂര്‍ കാത്തിരുന്നു; മുന്‍ ഇന്ത്യന്‍ സ്ഥാനപതി ചികില്‍സ ലഭിക്കാതെ മരിച്ചു
ന്യൂഡല്‍ഹി: മണിക്കൂറുകള്‍ കാത്തിരുന്നിട്ടും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയോ കിടക്കയോ ലഭിക്കാതെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി അശോക് അംറോഹി കാറിനുള്ളില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇക്കഴിഞ്ഞ 27ന് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറില്‍ അഞ്ചു മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ചികില്‍സ ലഭിക്കാതെ മരിച്ചത്. അശോക് അംറോഹി ബ്രൂണെ, മൊസാംബിക്, അള്‍ജീരിയ എന്നീ രാജ്യങ്ങളില്‍ ഇന്ത്യന്‍ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് അംറോഹി രോഗബാധിതനായത്. സ്ഥിതി ഗുരുതരമായതിനാല്‍ കിടക്ക ഒഴിവുണ്ടെന്നറിഞ്ഞ് രാത്രി 7.30ഓടെ ആശുപത്രിയിലെത്തി. എന്നാല്‍, കൊവിഡ് പരിശോധന നടത്തണമെന്ന് പറഞ്ഞ് ഒന്നരമണിക്കൂറോളം പുറത്ത് നിര്‍ത്തി. ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ മകന്‍ ക്യൂവില്‍ നിന്നെങ്കിലും നടപടികള്‍ വൈകി. നിരവധി തവണ കരഞ്ഞുപറഞ്ഞെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്ന് ഭാര്യ യാമിനി ആരോപിച്ചു. ഈ സമയത്ത് കാറില്‍ അവശനിലയിലായ അംറോഹിക്ക്
ഇടയ്ക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതോടെ മാസ്‌ക് ഊരി. സംസാര ശേഷിക്കും തടസ്സമുണ്ടായി. അര്‍ധരാത്രിയോടെ കാറിനുള്ളില്‍ തന്നെ അംറോഹി മരണപ്പെട്ടതായും ഭാര്യ യാമിനി പറഞ്ഞു. ഹൃദയമിടിപ്പ് കുറയുകയാണെന്ന് ഞാന്‍ അലറിക്കൊണ്ടിരുന്നു. പക്ഷേ ആരും സഹായിച്ചില്ല. വീല്‍ചെയറോ സ്‌ട്രെച്ചറോ പോലും ലഭിച്ചില്ലെന്നും ഭാര്യ യാമിനി ദി വയറിനോട് പറഞ്ഞു. ഇതിനു ശേഷം ഞാന്‍ ആശുപത്രിയില്‍ പോയി അവരോട് നിങ്ങള്‍ എല്ലാവരും കൊലപാതകികളാണെന്ന് പറഞ്ഞതായും അവര്‍ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മന്ത്രാലയം എന്തുചെയ്യുമായിരുന്നുവെന്നായിരുന്നു മറുപടി.
അംറോഹിയുടെ മരണം ഞെട്ടിപ്പിക്കുന്നതാണെന്നും ബ്രൂണെ, മൊസാംബിക്ക്, അള്‍ജീരിയ എന്നിവിടങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഒരു നല്ല സുഹൃത്തും സമര്‍പ്പിത സഹപ്രവര്‍ത്തകനുമായിരുന്നുവെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അനുശോചന ട്വീറ്റില്‍ അറിയിച്ചു.
Ex Diplomat Ashok Amrohi Died Outside Hospital After Five-Hour Wait
