എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചില്ലെന്ന്; ബിജെപി ദേശീയ വൈസ് പ്രസിഡന്റിന്റെ സഹോദരന്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനെ തല്ലി
ജീവനക്കാരന്റെ മുഖത്തടിക്കുകയും കഴുത്തിനു പിടിച്ച് കടയ്ക്കു പുറത്തേക്ക് വലിച്ചിഴയ്ക്കുകയും ഒരു കാറില്‍ കയറ്റിക്കൊണ്ടു പോവുകയുമായിരുന്നു
ബേട്ടിയ: ബഹുമാന പുരസരം എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ച് മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരനെ ബിജെപി ദേശീയ വൈസ് പ്രസിഡന്റിന്റെ സഹോദരന്‍ തല്ലി. ബേട്ടിയ ടൗണിലെ മെഡിക്കല്‍ ഷോപ്പിലെ കെമിസ്റ്റിനെയാണ് ബിഹാര്‍ മുന്‍ മന്ത്രി തല്ലുന്ന സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിനാണു സംഭവം. നാലുതവണ എംഎല്‍എയായിരുന്ന മുന്‍ മന്ത്രി രേണു ദേവിയുടെ സഹോദരന്‍ പിനു മെഡിക്കല്‍ ഷോപ്പിലെത്തിയപ്പോള്‍ ജീവനക്കാരനോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കടയിലുണ്ടായിരുന്ന കെമിസ്റ്റ് ഇത് നിരസിച്ചു.
ഇതോടെ ജീവനക്കാരന്റെ മുഖത്തടിക്കുകയും കഴുത്തിനു പിടിച്ച് കടയ്ക്കു പുറത്തേക്ക് വലിച്ചിഴയ്ക്കുകയും ഒരു കാറില്‍ കയറ്റിക്കൊണ്ടു പോവുകയുമായിരുന്നു. എന്നാല്‍, കുറ്റാരോപിതനായ സഹോദരനുമായി തനിക്കു വര്‍ഷങ്ങളായി ബന്ധമില്ലെന്നും ആര് തെറ്റ് ചെയ്താലും ശിക്ഷിക്കണമെന്നും മന്ത്രി രേണു ദേവി പറഞ്ഞു. പിനുവുമായി വര്‍ഷങ്ങളായി മിണ്ടാറില്ല. ഞങ്ങള്‍ തമ്മില്‍ ഒരു കാര്യവും സംസാരിക്കാറില്ല. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. അത് ഞാനായാലും ശിക്ഷിക്കപ്പെടണമെന്നും രേണു ദേവി പറഞ്ഞു. കെമിസ്റ്റിന്റെ പരാതിയില്‍ കേസെടുത്തതായും കുടുംബത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയതായും ഇരയെ കടത്തിക്കൊണ്ടുപോയ കാര്‍ കസ്റ്റഡിയിലെടുത്തതായും സീനിയര്‍ പോലിസ് ഓഫിസര്‍ ജയന്ത് കാന്ത് പറഞ്ഞു.
