കീവ് വിമാനത്താവളം റഷ്യയുടെ നിയന്ത്രണത്തില്‍; പുടിനെതിരേ ഉപരോധം ശക്തമാക്കും

ഏക്കാലത്തേയും കഠിനമായ ഉപരോധ പാക്കേജാണ് പുടിനെ കാത്തിരിക്കുന്നതെന്നണ് ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹാമര്‍ പ്രതികരിച്ചത്. പുടിനെ കൂടാതെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിനും ഉപരോധം ബാധകമായിരിക്കും.

Update: 2022-02-25 16:22 GMT

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ കടുത്ത പോരാട്ടം തുടരുന്നു. യുെ്രെകന്റെ മറ്റു മേഖലകളില്‍ അതിവേഗം മുന്നേറിയ റഷ്യന്‍ സൈന്യം തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ്. കീവ് വിമാനത്താവളം ഇതിനോടകം റഷ്യന്‍ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ഡോണട്‌സ്‌ക് മേഖലയില്‍ എണ്ണ സംഭരണ കേന്ദ്രത്തിന് തീ സംഘര്‍ഷത്തിനിടെ തീപിടിച്ചു.

മരിയുപോളിലും ഇരുവിഭാഗം സൈന്യവും ഏറ്റുമുട്ടി. റൊസ്താവോ മേഖലയില്‍ എയര്‍ബേസിന് നേരെ റഷ്യ ആക്രമണം നടത്തി. യുക്രെയ്ന്‍ സൈന്യത്തിന്റെ പ്രതിരോധത്തെ മറികടന്ന് റഷ്യന്‍ സേന കാര്‍കീവ് മേഖലയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇവിടെ രൂക്ഷമായ വെടിവയ്പ്പ് നടക്കുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. കാര്‍കീവ് മേഖലയില്‍ റഷ്യന്‍ വാഹനങ്ങള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കാണപ്പെട്ടതായി വാര്‍ത്തകളുണ്ട്. ഇന്നലെ കനത്ത പോരാട്ടം നടന്ന ചെര്‍ണോബില്‍ നിലവില്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്.

യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപോര്‍ട്ടുകള്‍. ക്രീവിലെ ഹോസ്‌റ്റോമല്‍ എയര്‍പോര്‍ട്ടിന് നേരെ ആക്രമണമുണ്ടായി. റഷ്യന്‍ സൈന്യം കീവിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ തലസ്ഥാന നഗരത്തിലേക്കുള്ള നിരവധി പാലങ്ങളും റോഡുകളും യുക്രെയ്ന്‍ സൈന്യം തകര്‍ത്തു.

അതേസമയം യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് വ്യക്തിപരമായി കടുത്ത ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂനിയനിലെ രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. ഏക്കാലത്തേയും കഠിനമായ ഉപരോധ പാക്കേജാണ് പുടിനെ കാത്തിരിക്കുന്നതെന്നണ് ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹാമര്‍ പ്രതികരിച്ചത്. പുടിനെ കൂടാതെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിനും ഉപരോധം ബാധകമായിരിക്കും.

'യുക്രെയ്‌നിലെ നിരപരാധികളുടെ മരണത്തിന് അവര്‍ ഉത്തരവാദികളാണ്. സമാധാനം ഉറപ്പുവരുത്താന്‍ ലോകരാജ്യങ്ങള്‍ പാലിച്ചു പോരുന്ന മര്യാദകള്‍ ലംഘിച്ചതിനും അവര്‍ ഉത്തരവാദികളാണ്, യൂറോപ്യന്‍ ജനതയ്ക്ക ഒരിക്കലും ഈ അധിനിവേശം അംഗീകരിക്കാനാവില്ല ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ബെയര്‍ബോക്ക് പറഞ്ഞു. അതേസമയം തങ്ങളെ ഉപരോധിക്കാന്‍ ശ്രമിക്കുന്ന ലോകരാജ്യങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് റഷ്യ വ്യക്തമാക്കി.