എറണാകുളത്തെ കാനം വിരുദ്ധര്‍ക്കു തോല്‍വി; സംസ്ഥാന കൗണ്‍സിലിലേക്കു മൽസരം

സംസ്ഥാന കൗണ്‍സിലിലേക്ക് അനുവദിക്കപ്പെട്ടതിലും കൂടുതല്‍ നേതാക്കളുടെ പേര് ഉയര്‍ന്നുവന്നതോടെയാണ് മൽസരം നടന്നത്.

Update: 2022-10-03 08:46 GMT

തിരുവനന്തപുരം: എറണാകുളം ജില്ലയില്‍ കാനം വിരുദ്ധ പക്ഷത്തുള്ള പ്രമുഖ നേതാക്കള്‍ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്നു പുറത്ത്. മുന്‍ ജില്ലാ സെക്രട്ടറി പി രാജു, അസി സെക്രട്ടറിയായിരുന്ന എ എന്‍ സുഗതന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ്, സംസ്ഥാന കൗണ്‍സിലിലേക്കു നടന്ന മൽസരത്തില്‍ തോറ്റുപോയത്.

സംസ്ഥാന കൗണ്‍സിലിലേക്ക് അനുവദിക്കപ്പെട്ടതിലും കൂടുതല്‍ നേതാക്കളുടെ പേര് ഉയര്‍ന്നുവന്നതോടെയാണ് മൽസരം നടന്നത്. പി രാജു, എഎന്‍ സുഗതന്‍ എന്നിവരെക്കൂടാതെ എം ടി നിക്‌സണ്‍, ടി സി സന്‍ജിത്ത് എന്നിവരും പരാജയപ്പെട്ടു. നേരത്തെ എറണാകുളത്തു നിന്നുള്ള സമ്മേളന പ്രതിനിധികളില്‍ കാനം പക്ഷത്തു നിന്നുള്ളവര്‍ വ്യക്തമായ ആധിപത്യം നേടിയിരുന്നു. ഇതാണ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ പ്രതിഫലിച്ചത്.

സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് മുതിര്‍ന്ന നേതാവ് സി ദിവാകരനെ ഒഴിവാക്കി. പാര്‍ട്ടി ഘടകങ്ങളില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ വേണ്ടെന്ന, സമ്മേളന മാര്‍ഗ നിര്‍ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സംസ്ഥാന സമ്മേളനത്തിലെ ജില്ലകളിലെ പ്രതിനിധികളാണ്, അതതു ജില്ലകളില്‍നിന്നുള്ള കൗണ്‍സില്‍ അംഗങ്ങളെ നിര്‍ദേശിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള അംഗങ്ങളുടെ പട്ടികയില്‍ സി ദിവാകരന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ പ്രായ പരിധി നിര്‍ദേശം പാര്‍ട്ടിയില്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ഉറപ്പായി.