ഭീകരപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയം; ലോക് നാഥ് ബെഹ്‌റയെ പുകഴ്ത്തി ഇ പി ജയരാജന്‍

Update: 2021-06-30 07:08 GMT

കണ്ണൂര്‍: ആറു വര്‍ഷത്തോളം സംസ്ഥാന പോലിസ് മേധാവിയായി വിരമിക്കുന്ന ലോക് നാഥ് ബെഹ്‌റയെ പുകഴ്ത്തിയും സന്തോഷം നിറഞ്ഞ വിശ്രമ ജീവിതം ആശംസിച്ചും മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ഇ പി ജയരാജന്‍ രംഗത്ത്. മാവോവാദികളെ വെടിവച്ച് കൊന്നതും നിരവധി കേസുകളില്‍ യുഎപിഎ ചുമത്തിയതും ഉള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍ക്കു ശേഷം ഇന്ന് പടിയിറങ്ങുന്ന പശ്ചാത്തലത്തിലാണ് ഇ പി ജയരാജന്റെ പുകഴ്ത്തല്‍. കേരളം ഭീകരപ്രവര്‍ത്തനങ്ങളുടെ റിക്രൂട്ട്‌മെന്റ് ഗ്രൗണ്ടാണെന്ന വിരമിക്കല്‍ അഭിമുഖങ്ങളിലെ പരാമര്‍ശങ്ങള്‍ക്കിടെ പ്രതിഷേധം ഉയരുന്നതിനിടെയാണ് മുതിര്‍ന്ന സിപിഎം നേതാവിന്റെ പുകഴ്ത്തല്‍ എന്നതും ശ്രദ്ധേയമാണ്. ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് ഉള്‍പ്പെടെ നരേന്ദ്രമോദിയും അമിത് ഷായും പ്രതിക്കൂട്ടിലായ കേസുകള്‍ അന്വേഷിച്ച സംഘാംഗമായ ബെഹ്‌റയുടെ ഇടപെടല്‍ സംശയനിഴലിലാണെന്ന വിമര്‍ശനവും തുടക്കംമുതല്‍ ഉണ്ടായിരുന്നു. കേരളത്തില്‍ സേവനം അനുഷ്ഠിച്ച ഏറ്റവും മികച്ച പോലിസ് മേധാവികളില്‍ ഒരാളാണ് ബെഹ്‌റയെന്നും വിരമിച്ച ശേഷവും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഗുണകരമായിരിക്കുമെന്നും ഇ പി ജയരാജന്‍ ഫേസ് ബുക്കിലൂടെ നിര്‍ദേശിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പോലിസ് ഉപദേശകനായി ബെഹ്‌റയെ നിയമിക്കാമെന്ന് പരോക്ഷമായി നിര്‍ദേശിക്കുന്നതാണ് ജയരാജന്റെ പരാമര്‍ശമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

    കേരളം ഐഎസിന്റെ റിക്രൂട്ടിങ് താവളമാണെന്ന് താന്‍ വന്നശേഷം രൂപീകരിച്ച ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ ചിട്ടയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ അത് കുറയ്ക്കാനായെന്നുമുള്ള ബെഹ്‌റയുടെ പരാമര്‍ശം വന്‍ ചര്‍ച്ചയായിരുന്നു. തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇല്ലെന്ന് പറയാനാവില്ല. കേരളത്തില്‍ വിദ്യാഭ്യാസമുള്ള ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരെ തീവ്ര ആശയങ്ങളിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നുമുള്ള ബെഹ്‌റയുടെ പരാമര്‍ശങ്ങള്‍ ഒരു സമുദായത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. മാവോവാദികളെ വെടിവച്ചു കൊന്നതില്‍ യാതൊരുവിധ ദുഖവും തോന്നുന്നില്ലെന്നും കേരളത്തില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ മഹാരാഷ്ട്ര മാതൃകയില്‍ മകോക്ക നിയമം കൊണ്ടുവരാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഘപരിവാര വാദങ്ങള്‍ക്ക് ബലം നല്‍കുന്ന പരാമര്‍ശങ്ങള്‍ സംസ്ഥാന ഡിജിപിയില്‍ നിന്നുണ്ടായതിനെതിരേ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ വിമര്‍ശിച്ചിരുന്നു.

    കൃത്യനിര്‍വഹണത്തിലെ കണിശതയും സത്യസന്ധതയും ബെഹ്‌റയെ സവിശേഷ വ്യക്തിയാക്കിയെന്നും സംസ്ഥാന പോലിസ് സേനയെ ഏറെ ജനപ്രിയമാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് വലുതാണെന്നും കുറിപ്പിലുണ്ട്. ക്രമസമാധാന പാലനത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളം ഇന്ത്യയില്‍ ഒന്നാമതാണ്. വര്‍ഗീയ ലഹളകളും ക്രമസമാധാന പ്രശ്‌നങ്ങളും അകന്നുനിന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും സമചിത്തതയോടെ സേനയെ നയിക്കാന്‍ ബെഹ്‌റയ്ക്ക് സാധിച്ചു. സിബിഐയിലും എന്‍ഐഎയിലും പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിന് കരുത്തായി. പ്രമാദമായ പല കേസുകളിലും നേരിട്ട് ഇടപെട്ട് അന്വേഷണത്തിന് ഊര്‍ജ്ജം പകര്‍ന്നു. വലിയ സുഹൃദ് വലയം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു. എങ്കിലും പക്ഷപാതപരമായ ഇടപെടലുകള്‍ ഒരിക്കലും നടത്തിയില്ല. ഭീകരപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ഏറ്റവും മികച്ച ഉദ്യോഗസ്ഥന്‍ എന്ന നല്ല പേരുമായാണ് ബെഹ്‌റ പടിയിറങ്ങുന്നത്. ഏറെ സന്തോഷം നിറഞ്ഞ വിശ്രമ ജീവിതം നയിക്കാന്‍ ലോക് നാഥ് ബെഹ്‌റയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നുമാണ് ഇ പി ജയരാജന്‍ ഫേസ് ബുക്കിലൂടെ വ്യക്തമാക്കിയത്. എന്നാല്‍, ഇ പി ജയരാജന്റെ പോസ്റ്റിനു താഴെയായി സിപിഎം അനുഭാവികള്‍ ഉള്‍പ്പെടെ ബെഹ്‌റയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Similar News