നിയമസഭാ ആക്രമണ കേസ് യുഡിഎഫിന്റെ രാഷ്ട്രീയ സൃഷ്ടി: ഇ പി ജയരാജന്‍

കേസില്‍ മന്ത്രി വി ശിവന്‍കുട്ടിയക്കമുള്ള അഞ്ച് പ്രതികള്‍ നേരത്തെ ഹാജരായിരുന്നു. എന്നാല്‍ പ്രതികള്‍ കുറ്റം നിഷേധിക്കുകയായിരുന്നു.

Update: 2022-09-26 07:05 GMT

തിരുവനന്തപുരം: നിയമസഭാ ആക്രമണ കേസ് യുഡിഎഫിന്റെ രാഷ്ട്രീയ സൃഷ്ടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പ്രതിപക്ഷം ഒരു കാര്യം ഉന്നയിച്ചാല്‍ അത് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് പകരം നിയമസഭയെ അവഹേളിക്കുന്ന നടപടിയാണ് അന്നത്തെ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജന്‍.

കേസില്‍ മന്ത്രി വി ശിവന്‍കുട്ടിയക്കമുള്ള അഞ്ച് പ്രതികള്‍ നേരത്തെ ഹാജരായിരുന്നു. എന്നാല്‍ പ്രതികള്‍ കുറ്റം നിഷേധിക്കുകയായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ നേരത്തെ ഹാജരായിരുന്നില്ല. കേസിന്റെ വിചാരണയടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടതിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ഇ.പി ജയരാജനോട് ഇന്ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 26 ന് രേഖകള്‍ പരിശോധിച്ച് തുടര്‍ നടപടികളിലേക്ക് കടക്കാനാണ് ഇന്ന് കോടതി തീരുമാനിച്ചിരിക്കുന്നത്.

ഇതിനിടെ പ്രതികളുടെ വിടുതല്‍ ഹരജി ഇന്ന് ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്. ഇത് കൂടി പരിഗണിച്ചാവും വിചാരണയടക്കമുള്ള തുടര്‍ നടപടികളിലേക്ക് കടക്കുക. പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികതയടക്കം ചോദ്യം ചെയ്താണ് പ്രതികള്‍ കോടതിയെ സമീപിച്ചിട്ടുള്ളത്.

കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി തള്ളിയിരുന്നു. 2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതി, ഹൈക്കോടതി, സുപ്രിംകോടതി എന്നിവയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതികളെല്ലാം ഈ ആവശ്യം തള്ളുകയായിരുന്നു. കൂടാതെ പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രിംകോടതി കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.