മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിനെ ഇഡി ചോദ്യംചെയ്തു
ഒക്ടോബര്‍ 18നു ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ഇദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ഇഡി ഓഫിസില്‍ വെള്ളിയാഴ്ച രാവിലെ ചോദ്യംചെയ്യലിന് ഹാജരാവുകയായിരുന്നു.
മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി ഇഖ്ബാല്‍ മിര്‍ച്ചിയില്‍ നിന്ന് ഭൂമി വാങ്ങിയതിന് പിന്നില്‍ വന്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ യുപിഎ കാലത്തെ വ്യോമയാന മന്ത്രിയും നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി) നേതാവുമായ പ്രഫുല്‍ പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യംചെയ്തു. ഒക്ടോബര്‍ 18നു ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ഇദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ഇഡി ഓഫിസില്‍ വെള്ളിയാഴ്ച രാവിലെ ചോദ്യംചെയ്യലിന് ഹാജരാവുകയായിരുന്നു. ഇഖ്ബാല്‍ മിര്‍ച്ചിയുടെ ഭാര്യയും പ്രഫുല്‍ പട്ടേലിന്റെ ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനിയും തമ്മിലുള്ള കരാറുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുക്കുമെന്നാണു സൂചന. പ്രഫുല്‍ പട്ടേലിനെ നേരത്തേ എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും പ്രഫുല്‍ പട്ടേലിനെ ചോദ്യംചെയ്തിരുന്നു.
2006-07ല്‍ പ്രഫുല്‍ പട്ടേലിന്റെ മില്ലെനിയം ഡലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിച്ച സീജേ ഹൗസ് എന്ന കെട്ടിടത്തിലെ മൂന്നും നാലും നില ഇഖ്ബാല്‍ മിര്‍ച്ചിയുടെ ഭാര്യ ഹാജറ ഇഖ്ബാലിനു കൈമാറിയെന്നാണ് ഇഡിയുടെ ആരോപണം. കെട്ടിടം നിര്‍മിച്ച സ്ഥലം ഇഖ്ബാല്‍ മിര്‍ച്ചിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും പറയപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കു വേണ്ടിയാണ് ഭൂമി വാങ്ങിയതെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ പൂര്‍ണമായും പ്രഫുല്‍ പട്ടേല്‍ നിഷേധിച്ചു. ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും സുതാര്യമാണെന്നു തെളിയിക്കുന്ന രേഖകളുണ്ടെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലും ആരോപണങ്ങള്‍ ഊഹാപോഹം മാത്രമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. പ്രഫുല്‍ പട്ടേല്‍ കേന്ദ്രമന്ത്രിയായിരുന്ന 2007 കാലഘട്ടത്തിലാണ് ഭൂമിയിടപാട് നടന്നത്. ഇതുവഴി കള്ളപ്പണം വെളുപ്പിക്കാന്‍ പ്രഫുല്‍ പട്ടേലും ഭാര്യ വര്‍ഷ പട്ടേലും സഹായിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ ആരോപണം. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് പ്രധാന പ്രതിപക്ഷപാര്‍ട്ടികളിലൊന്നായ എന്‍സിപിയുടെ ഉന്നതനേതാവിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്തത്.
