രാജ്യം ഊര്‍ജ പ്രതിസന്ധിയിലേക്കോ?; കല്‍ക്കരി ക്ഷാമം രൂക്ഷം
കൽക്കരി പ്രതിസന്ധിയുണ്ടെന്ന് ഊര്‍ജമന്ത്രി ആര്‍ കെ സിങ് പ്രതികരിച്ചു. എങ്കിലും വലിയ പ്രതിസന്ധിയിലേക്ക് പോകാതെ കഷ്ടിച്ച് ആവശ്യം നിറവേറ്റി പോകാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ഊര്‍ജ്ജ ഉത്പാദനം ഗണ്യമായി ഉയരുകയും ഖനികള്‍ പലതും വെള്ളത്തിലാകുകയും ചെയ്തതോടെ രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷം. കഷ്ടിച്ച് നാല് ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി ശേഖരം മാത്രമാണ് പല നിലയങ്ങളിലുമുള്ളത്. പകുതിയിലധികം നിലയങ്ങളും അടുത്ത ദിവസങ്ങളില്‍ തന്നെ പ്രവര്‍ത്തനം നിലയ്ക്കും. സ്ഥിതിഗതികള്‍ ഈ രീതിയില്‍ തുടര്‍ന്നാല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഇത് കാര്യമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കൽക്കരി പ്രതിസന്ധിയുണ്ടെന്ന് ഊര്‍ജമന്ത്രി ആര്‍ കെ സിങ് പ്രതികരിച്ചു. എങ്കിലും വലിയ പ്രതിസന്ധിയിലേക്ക് പോകാതെ കഷ്ടിച്ച് ആവശ്യം നിറവേറ്റി പോകാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മന്ത്രാലയങ്ങളുമായി ചേര്‍ന്ന് പ്രതിസന്ധി ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഊര്‍ജമന്ത്രാലയം.
രാജ്യാന്തര വിപണിയില്‍ കല്‍ക്കരിക്ക് വില കൂടിയത് ഇറക്കുമതിയേയും ബാധിച്ചു. 104 താപനിലയങ്ങളില്‍ 14,875 മെഗാവാട്ട് ശേഷിയുള്ള 15 നിലയങ്ങളില്‍ സെപ്തംബര്‍ 30 ന് തന്നെ സ്റ്റോക് തീര്‍ന്നു. 39 നിലയങ്ങളില്‍ മൂന്നു ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി ശേഖരമേ അവശേഷിക്കുന്നുള്ളൂ.
അടുത്ത ആറ് മാസം വരെ ഈ പ്രതിസന്ധി തുടരാനുള്ള സാധ്യതയും വിദഗ്ധര്‍ പറയുന്നുണ്ട്. ഇന്ത്യയുടെ മൊത്ത വൈദ്യുത ഉത്പാദനത്തിന്റെ 70 ശതമാനത്തോളം വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന താപവൈദ്യുത നിലയങ്ങളാണ്. കല്‍ക്കരിക്ഷാമം വൈദ്യുത നിരക്കുകകളിലും വര്‍ധനയുണ്ടാക്കിയിട്ടുണ്ട്.
