മുസ് ലിംകളുമായി ബന്ധം പുലര്‍ത്തിയാല്‍ 5000 രൂപ പിഴ; ഹിന്ദുത്വ ബഹിഷ്‌കരണത്തില്‍ വീര്‍പ്പുമുട്ടി 10 കുടുംബങ്ങള്‍
ന്യൂഡല്‍ഹി: ബജ്‌റംഗ്ദള്‍ ഉള്‍പ്പടെ സംഘപരിവാര സംഘടനകളുടെ ബഹിഷ്‌കരണാഹ്വാനത്തില്‍ വീര്‍പ്പുമുട്ടി 10 മുസ് ലിം കുടുംബങ്ങള്‍. ഭക്ഷണവും കച്ചവടവും മുടക്കിയ ഹിന്ദുത്വര്‍ മുസ് ലിംകളുമായി ബന്ധം പുലര്‍ത്തിയാല്‍ പോലും 5000 രൂപ പിഴയീടാക്കുമെന്ന തീരുമാനം എടുത്തതോടെ കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മഹാരാഷ്ട്രയുടെയും ഛത്തീസ്ഗഢിന്റെയും അതിര്‍ത്തികളോട് ചേര്‍ന്ന കിഴക്കന്‍ മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലെ ഘോട്ടി ഗ്രാമത്തിലാണ് ഈ ബഹിഷ്‌കരണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ സന്യാസി സംഗമങ്ങള്‍ ആരംഭിച്ചിരുന്നു. ഈ വര്‍ഷം സന്യാസി സമ്മേളനം നടന്നതിന് ശേഷമാണ് ബഹിഷ്‌കരണ ആഹ്വാനമുണ്ടായത്.
ക്രൂരമായ ഉത്തരവ് ഘോട്ടിയുടെ മുസ്‌ലിംകളുടെ ജീവിതം മരവിപ്പിച്ചിരിക്കുന്നു. കോഴിക്കട, പലചരക്ക് കട, പഞ്ചര്‍ റിപ്പയര്‍ സ്റ്റാള്‍ തുടങ്ങി അവരുടെ ചെറുകിട കച്ചവടങ്ങള്‍ പൂര്‍ണമായും അടച്ചിടേണ്ട അവസ്ഥയിലാണ്. ഹിന്ദു കര്‍ഷകരുടെ വയലുകളില്‍ ദിവസക്കൂലിക്കാരായി ജോലി ചെയ്തിരുന്ന ആളുകള്‍ക്കും ജോലി നല്‍കാതെ ആയി. ഡ്രൈവര്‍മാര്‍ക്ക് ജോലി കണ്ടെത്തുന്നില്ല. തലമുറകളായി ഗ്രാമത്തില്‍ നില നിന്നിരുന്ന സാമുദായിക ഐക്യവും സൗഹാര്‍ദവുമാണ് ഹിന്ദുത്വ സംഘടനകളുടെ സമ്മേളനത്തോടെ ഇല്ലാതായത്.
ജനുവരി 27 ന് ഘോട്ടിയില്‍ നടന്ന ഒരു ഹിന്ദു സമ്മേളനമാണ് പ്രതിസന്ധിയുടെ വേരുകള്‍. പരിപാടിക്കിടെ, സന്യാസിനി ഉള്‍പ്പെടെ മതപ്രഭാഷകര്‍ മുസ് ലിംകള്‍ക്കെതിരേ വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തി. മുസ് ലിംകളോട് വിദ്വേഷമുണ്ടാക്കുന്ന തരത്തിലുള്ള ആഹ്വാനങ്ങളും അവര്‍ ഹിന്ദുക്കള്‍ക്ക് ഭീഷണിയാണെന്ന പ്രചാരണവും നടത്തി.
'അവരുടെ പരിപാടികള്‍ മുമ്പ് ഇവിടെ നടന്നിരുന്നു, പക്ഷേ ഒരിക്കലും ഇങ്ങനെയായിരുന്നില്ല,' ഗ്രാമത്തില്‍ നിന്നുള്ള ഹൈറുന്നിസ എന്ന സ്ത്രീ വിശദീകരിച്ചു. 'പുറത്തുനിന്നുള്ള ആളുകള്‍ വന്ന് മുസ് ലിംകളെയും ഞങ്ങളുടെ മതത്തെയും കുറിച്ച് ഭയാനകമായ കാര്യങ്ങള്‍ പറഞ്ഞു. അവര്‍ ഞങ്ങളെ അധിക്ഷേപിക്കുകയായിരുന്നു. പരിപാടിക്ക് ശേഷം ഞങ്ങള്‍ പരാതിപ്പെടാന്‍ പോയി. ഞങ്ങള്‍ സംഘാടകരുടെയും ഗ്രാമത്തലവന്റെയും അടുത്തേക്ക് പോയി. 'നിങ്ങള്‍ ഈ ഗ്രാമത്തില്‍ നിന്നുള്ളവരാണ്, നിങ്ങള്‍ അവരെ തടയേണ്ടതായിരുന്നു' എന്ന് ഞങ്ങള്‍ പറഞ്ഞു. അത് മാത്രമാണ് ഞങ്ങളുടെ തെറ്റ്.''
വര്‍ഗീയ പ്രസംഗങ്ങള്‍ക്കെതിരേ തങ്ങള്‍ നടത്തിയ പ്രതിഷേധമാണ് ഹിന്ദുത്വ സംഘടനകളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് സംഘപരിവാര്‍ നേതാക്കളുടെ നേതൃത്വത്തില്‍ ഹിന്ദു വിഭാഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു യോഗം വിളിച്ചുചേര്‍ത്തു. ഇപ്പോള്‍ പ്രാദേശിക മാധ്യമങ്ങളുടെ കൈവശമുള്ള യോഗത്തിന്റെ വീഡിയോകളില്‍ ആളുകള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതും ''ഭാരത് മാതാ കീ ജയ്', മുസ് ലിം വിരുദ്ധ മുദ്രാവാക്യങ്ങളും വിളിക്കുന്നതും കാണാം.
'ഞങ്ങള്‍ ഇവിടെ തലമുറകളായി സന്തോഷത്തോടെ ജീവിച്ചു. ഞങ്ങള്‍ ഒരുമിച്ച് ആഘോഷിച്ചു, ഒരുമിച്ച് സന്തോഷവും ദുഖവും പങ്കുവച്ചു'. ഗ്രാമത്തിലെ ഒരു മുസ്ലീം സ്ത്രീയായ ഹൈറുന്നിസ പറയുന്നു. 'ഇപ്പോള്‍, ആളുകള്‍ ഞങ്ങളെ കാണുമ്പോള്‍ അവരുടെ വഴി മാറുന്നു. അവര്‍ തിരിഞ്ഞു നടക്കുന്നു. ഞങ്ങളുടെ കുട്ടികള്‍ ജോലിയില്ലാതെ വീട്ടില്‍ ഇരിക്കുന്നു. ആരാണ് ഞങ്ങളുടെ കുടുംബങ്ങളെ പോറ്റുക?' അവര്‍ കരഞ്ഞുകൊണ്ട് ചോദിച്ചു.
ഒരു ആഴ്ചയിലേറെയായി, ഘോട്ടിയുടെ പത്ത് മുസ്‌ലിം കുടുംബങ്ങള്‍ സ്വന്തം വീടുകളില്‍ പരിഹാസികളായി ജീവിക്കുന്നു. അവരുടെ വിശ്വാസത്തിനെതിരെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ ചോദ്യം ചെയ്തു എന്നത് മാത്രമാണ് അവര്‍ ചെയ്ത കുറ്റം.
'ബലാഘട്ട് ഒരു നക്‌സല്‍ ബാധിത പ്രദേശമാണ്. ആദിവാസി വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള ഗ്രാമീണ മേഖല. ബജ്‌റംഗ്ദള്‍, സ്വദേശി ജാഗരണ്‍ മഞ്ച് തുടങ്ങിയ ഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെയാണ് പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹിന്ദുത്വ സംഘാടനം ശക്തമാക്കിയത്'. വര്‍ഷങ്ങളായി ഇവിടെ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ആശിഷ് ശ്രീവാസ്തവ വിശദീകരിച്ചു.
ബഹിഷ്‌കരണം മൂലം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായപ്പോള്‍ മുസ് ലിം കുടുംബങ്ങള്‍ സമീപത്തെ ലഞ്ചി പോലിസില്‍ പരാതി നല്‍കി. എന്നാല്‍, ബഹിഷ്‌കരണം തടയാന്‍ പോലിസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. പ്രദേശത്തെ ആദിവാസി വിഭാഗങ്ങളില്‍ പെട്ട ഹിന്ദു കുടുംബങ്ങള്‍ക്ക് ബഹിഷ്‌കരണത്തോട് എതിര്‍പ്പുണ്ടെങ്കിലും ഹിന്ദുത്വ സംഘടനകളേയും 5000 രൂപ പിഴയൊടുക്കേണ്ടി വരുന്നതിനേയും ഭയന്ന് അവരും ബഹിഷ്‌കരണത്തില്‍ പങ്കാളിയാവുകയായിരുന്നു.
ദുരിതബാധിതരായ കുടുംബങ്ങള്‍ പാവപ്പെട്ട തൊഴിലാളിവര്‍ഗത്തില്‍ പെട്ടവരാണ്. അവരുടെ ഉപജീവനമാര്‍ഗ്ഗം പൂര്‍ണ്ണമായും പ്രാദേശികമായി ലഭിക്കുന്ന ചെറിയ ജോലികളേയും കച്ചവടങ്ങളേയും ആശ്രയിച്ചിരിക്കുന്നു. ബഹിഷ്‌കരണം തുടങ്ങിയതോടെ അവരുടെ ഉപജീവനമാര്‍ഗങ്ങള്‍ പൂര്‍ണമായും അടഞ്ഞു.

