പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയ്യാറാക്കണം; ട്വിറ്റര്‍ മാനേജര്‍ക്ക് ഇലോണ്‍ മസ്‌കിന്റെ നിര്‍ദേശം

Update: 2022-10-30 05:58 GMT

ന്യൂയോര്‍ക്ക്: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി ഔദ്യോഗിക സ്ഥിരീകരണം. കമ്പനിയില്‍ നിന്ന് പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ ട്വിറ്റര്‍ മാനേജര്‍ക്ക് ഇലോണ്‍ മസ്‌ക് നിര്‍ദേശം നല്‍കി. ആദ്യത്തെ പടിയായി സിഇഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെഡ് സെഗാള്‍, പോളിസി ചീഫ് വിജയ ഗദ്ദെ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും മസ്‌ക് പുറത്താക്കി. തന്നെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ചായിരുന്നു മസ്‌കിന്റെ നടപടി. കമ്പനിയിലെ 75 ശതമാനം ജീവനക്കാരെയും പിരിച്ചുവിടാന്‍ മസ്‌ക് പദ്ധതിയിടുന്നുവെന്ന റിപോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്ന നടപടികളാണ് ഇപ്പോള്‍ മസ്‌ക് നടത്തുന്നത്.

കഴിഞ്ഞ ദിവസമാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതി മസ്‌ക് ആരംഭിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തത്. കമ്പനിയിലെ ജീവനക്കാരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നേരത്തെ തന്നെ മസ്‌ക് ചില സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍, മസ്‌ക് പിരിച്ചുവിടാനൊരുങ്ങുന്ന ജീവനക്കാരുടെ എണ്ണം ട്വിറ്ററില്‍ നേരത്തെ പിരിച്ചുവിടാന്‍ സാധ്യതയുള്ള തൊഴിലാളികളേക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണ്.

75 ശതമാനം ആളുകളെ വെട്ടിക്കുറച്ചാല്‍ ചെലവ് കുറയുന്നതിനോടൊപ്പം ലാഭക്ഷമത ഉയരുമെന്നും ഇത് കൂടുതല്‍ നിക്ഷേപകരെ കമ്പനിയിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മസ്‌കിന്റെ നടപടിയെന്നാണ് റിപോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 7,500 ജീവനക്കാരുള്ള കമ്പനിയില്‍ എത്ര പേരെ പിരിച്ചുവിടുന്നുവെന്നത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ജീവനക്കാര്‍ക്ക് അവരുടെ നഷ്ടപരിഹാരത്തിന്റെ ഭാഗമായി സ്‌റ്റോക്ക് ഗ്രാന്റുകള്‍ ലഭിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന നവംബര്‍ ഒന്നാം തിയ്യതിക്ക് മുമ്പ്' ട്വിറ്ററിലെ കൂട്ട പിരിച്ചുവിടല്‍ നടക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് പറയുന്നു.

Tags:    

Similar News