ആനക്കാംപൊയിലില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

14 മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ ആണ് പൊട്ടക്കിണറ്റില്‍ വീണ ആനയെ രക്ഷപ്പെടുത്താനായത്.

Update: 2021-01-01 15:11 GMT

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയിലില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചതായി തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് അറിയിച്ചു. 14 മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ ആണ് പൊട്ടക്കിണറ്റില്‍ വീണ ആനയെ രക്ഷപ്പെടുത്താനായത്. കരയിലേക്ക് കയറ്റിയ ആന കാട്ടിലേക്ക് കയറിപ്പോയി. ആനയ്ക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്.

തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍ തൊണ്ണൂറിലാണ് ആന കിണറ്റില്‍ വീണത്. ഇവിടേക്ക് നാലുകിലോമീറ്ററുകളോളം നടന്നെത്തണമെന്നുളളതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്. കിണറിന് സമീപത്തേക്ക് മണ്ണുമാന്തി എത്തിച്ച് കിണറിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. ഇന്ന് രാവിലെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനം രാത്രി 7.30ഓടെയാണ് ഫലം കണ്ടത്. ഇന്ന് രാവിലെയാണ് കിണറ്റില്‍ വീണ നിലയില്‍ നാട്ടുകാര്‍ ആനയെ കണ്ടെത്തിയത്.

ജോസുകുട്ടി എന്ന കര്‍ഷകന്റേതാണ് ആന വീണ തോട്ടം. വനഭൂമിയോട് ചേര്‍ന്നാണ് കിണര്‍ അതിനാല്‍ കാട്ടാന വീണത് പുറത്തറിയാന്‍ വൈകി. ആനയെ രക്ഷിക്കാന്‍ നാട്ടുകാരും വനംവകുപ്പും എത്തി. മുമ്പ് ജനവാസ മേഖലയായിരുന്നു ഇവിടം. പതിനഞ്ചോളം കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കാട്ടുമൃഗങ്ങളുടെ ശല്യത്തെ തുടര്‍ന്ന് ആളൊഴിഞ്ഞു. ആന കിണറ്റില്‍ വീണിട്ട് മൂന്നുദിവസമായെന്ന് നാട്ടുകാര്‍ പറയുന്നു.

ആനയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

Tags:    

Similar News