തിരഞ്ഞെടുപ്പ് ഫലം രാഹുല്‍ഗാന്ധിയുടെ ത്യാഗത്തിനും സഹനത്തിനും ലഭിച്ച പ്രതിഫലം: ടി പദ്മനാഭന്‍

Update: 2024-06-06 17:29 GMT

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിക്കുണ്ടായ നേട്ടം രാഹുല്‍ഗാന്ധിയെന്ന ചെറുപ്പക്കാരന്റെ ത്യാഗത്തിനും സഹനത്തിനും ലഭിച്ച പ്രതിഫലമാണെന്ന് പ്രശസ്ത കഥാകൃത്ത് ടി.പദ്മനാഭന്‍ പറഞ്ഞു. വെറുപ്പും വിദ്വേഷവും പരത്തുന്നവര്‍ക്കെതിരേ സ്നേഹത്തിന്റെ സന്ദേശവുമായി അദ്ദേഹം നടത്തിയ ഭാരത് ജോഡോ യാത്രകളൊക്കെ തന്നെയാണ് ജനങ്ങളില്‍ കോണ്‍ഗ്രസിനനുകൂലമായ തംരംഗം സൃഷ്ടിച്ചതെന്ന് കണ്ണൂരിലെ വസതിയില്‍ ആഹ്ലാദം പങ്കുവെയ്ക്കാനെത്തിയ ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് , കെ പ്രമോദ് എന്നിവരോട് അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് പല മോശപ്പെട്ട പരാമര്‍ശങ്ങളും ഉയര്‍ന്നു കണ്ടു. പല നേതാക്കളും അവരുടെ സ്ഥാനത്തിനു ചേരാത്ത പരാമര്‍ശങ്ങള്‍ നടത്തി. അതിനൊക്കെ തക്ക ശിക്ഷ ജനങ്ങള്‍ നല്‍കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ കരുത്തു തന്നെയാണ് തിരഞ്ഞെടുപ്പില്‍ പ്രകടമായതെന്നും ടി.പദ്മനാഭന്‍ പറഞ്ഞു.





Tags: