തിരഞ്ഞെടുപ്പ് ഫലം കെ റെയിൽ ഹിതപരിശോധനയല്ല; മലക്കംമറിഞ്ഞ് കോടിയേരി

കെ റെയിലിന്റെ നേട്ടങ്ങൾ വിവരിച്ചുള്ള ലഘുലേഖ വിതരണവും, ലോകത്തെ തന്നെ ഏറ്റവും വലിയ സഞ്ചാരികളുടെ ഹബ്ബ് ആക്കി തൃക്കാക്കരയെ മാറ്റുമെന്നായിരുന്നു എൽഡിഎഫ് പ്രചാരണ സമയത്ത് ഉയർത്തിയിരുന്നത്.

Update: 2022-06-03 12:29 GMT

കൊച്ചി: തിരഞ്ഞെടുപ്പ് ഫലം കെ റെയിൽ ഹിതപരിശോധനയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പ് കെ റെയിൽ മുൻനിർത്തിയുള്ള വികസന കാഴ്ച്ചപ്പാടാണ് മുന്നോട്ടുവയ്ക്കുന്നതെന്നാണ് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നത്.

കെ റെയിൽ പ്രശ്നം വെച്ചുള്ള തിരഞ്ഞെടുപ്പായിരുന്നില്ല ഇത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലാണ് ഇത് സംബന്ധിച്ച നിർദേശം ഉണ്ടായത്. ആ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 99 സീറ്റ് ലഭിച്ചിട്ടുണ്ട്. കെ റെയിലുമായി ബന്ധപ്പെട്ട ഹിതപരിശോധന ഒരു മണ്ഡലത്തിൽ മാത്രം നട​ത്തേണ്ട ഒന്നല്ല. അതും ഈ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധമില്ല. ബന്ധപ്പെട്ട അനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും കോടിയേരി പറഞ്ഞു.

എന്നാൽ കെ റെയിലിന്റെ നേട്ടങ്ങൾ വിവരിച്ചുള്ള ലഘുലേഖ വിതരണവും, ലോകത്തെ തന്നെ ഏറ്റവും വലിയ സഞ്ചാരികളുടെ ഹബ്ബ് ആക്കി തൃക്കാക്കരയെ മാറ്റുമെന്നായിരുന്നു എൽഡിഎഫ് പ്രചാരണ സമയത്ത് ഉയർത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത തിരഞ്ഞെടുപ്പ് യോ​ഗങ്ങളിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു.

ജാഗ്രതയോടെ പ്രവർത്തിക്കണം എന്ന മുന്നറിയിപ്പായാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ജനവിധിയെ വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടർപ്രവർത്തനങ്ങളാണ് ഏറ്റെടുക്കേണ്ടത്. ബൂത്ത് തലം മുതൽ പാർട്ടി പരിശോധന നടത്തും. ഒരു തിരഞ്ഞെടുപ്പിൽ തോറ്റു എന്നത് കൊണ്ട് എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതാനാവില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 19 സീറ്റിൽ തോറ്റവരാണ് ഇടതുപക്ഷം. അതിൽ നിന്നാണ് നിയമസഭ തിരഞ്ഞെടുപ്പിൽ 99 സീറ്റിലേക്ക് എത്താൻ സാധിച്ചത്. അതുകൊണ്ട് ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടർപ്രവർത്തനം നടത്തുക എന്നതാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.