നടപടികള്‍ പൂര്‍ത്തിയായി; കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉടന്‍
തിരുവനന്തപുരം: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികള്‍ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അര്‍ദ്ധ സൈനിക സേനാ വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷന്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തി. മെയ് അഞ്ചിന് മുന്‍പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷെഡ്യൂള്‍ തയ്യാറാക്കുക. കേരളത്തില്‍ വിഷു അടക്കം ഉത്സവങ്ങള്‍ കൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.