ഇരുപതിനായിരം രൂപയില്‍ താഴെയുള്ള സംഭാവനകളും രാഷ്ട്രീയ പാര്‍ട്ടികള്‍ വെളിപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അനുപ് ചന്ദ്ര പാണ്ഡെ എന്നിവര്‍ ശുപാര്‍ശ നിയമ മന്ത്രാലയത്തിനു കൈമാറി.

Update: 2022-06-21 01:47 GMT

ന്യൂഡല്‍ഹി: ഇരുപതിനായിരം രൂപയില്‍ താഴെയുള്ള സംഭാവനകളുടെ വിശദവിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വെളിപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശ. ഒരേ ദാതാവില്‍നിന്ന് ഒരുവര്‍ഷം ഒന്നിലധികം ചെറിയ സംഭാവനകള്‍ സ്വീകരിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും തുക വെളിപ്പെടുത്തണമെന്നും കേന്ദ്ര നിയമ മന്ത്രാലയത്തിനു നല്‍കിയ ശുപാര്‍ശയില്‍ കമ്മിഷന്‍ നിര്‍ദേശിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അനുപ് ചന്ദ്ര പാണ്ഡെ എന്നിവര്‍ ശുപാര്‍ശ നിയമ മന്ത്രാലയത്തിനു കൈമാറി. 20,000 രൂപയില്‍ കൂടുതലുള്ള സംഭാവനകളെക്കുറിച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍ കമ്മിഷനു കണക്കുകള്‍ നല്‍കണമെന്നാണ് നിലവിലുള്ള ചട്ടം. ഇതിനുതാഴെയുള്ള വ്യക്തിഗത സംഭാവനകള്‍ വെളിപ്പെടുത്തേണ്ടതില്ല.

ഈ വ്യവസ്ഥയാണ് ഭേദഗതിചെയ്യുന്നത്. സ്ഥാനാര്‍ഥികള്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് നിരുൽസാഹപ്പെടുത്തണം, രണ്ടുസീറ്റില്‍ മൽസരിച്ച് രണ്ടിലും വിജയിക്കുന്നവര്‍ക്ക് പിഴചുമത്തണം തുടങ്ങിയ ശുപാര്‍ശകളും അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടുവെച്ചിരുന്നു.

അതേസമയം രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി. രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ അംഗീകാരം നേടാത്തതുമായി 2100 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാണ് 111 എണ്ണത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയത്. ആര്‍പി ആക്ട് 1951ലെ സെക്ഷന്‍ 29എ, 29 സി പ്രകാരമായിരുന്നു നടപടി.