ശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍

Update: 2025-11-26 08:25 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഐപിഎസ് എന്നു വേണ്ടെന്നും റിട്ടയേര്‍ഡ് എന്നു ചേര്‍ക്കണമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രീലേഖയോട് ആവശ്യപ്പെട്ടത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി എസ് രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സര്‍വീസില്‍നിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് രശ്മി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കുറേ സ്ഥലങ്ങളിലെ പ്രചാരണ പോസ്റ്ററുകളില്‍ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മായ്ച്ചു. ബാക്കിയിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ റിട്ടയേഡ് എന്നു തിരുത്തിയിട്ടുണ്ട്.

കോര്‍പ്പറേഷനിലേക്ക് ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. ശ്രീലേഖയുടെ പോസ്റ്ററുകളിലും ഫ്ളക്സുകളിലും ഐപിഎസ് എന്നും ചുവരെഴുത്തില്‍ ഐപിഎസ് (റിട്ട) എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.