കാവുമ്പായി സമരത്തിലെ 'ഡെയ്ഞ്ചര്‍ കമ്യൂണിസ്റ്റ്' ഇ കെ നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു
കണ്ണൂര്‍: കാവുമ്പായി സമരത്തിലെ 'ഡെയ്ഞ്ചര്‍ കമ്യൂണിസ്റ്റ്' എന്നറിയപ്പെട്ടിരുന്ന ഇ കെ നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു. 99 വയസ്സായിരുന്നു. തിരുവന്തപുരത്ത് മകനോടൊപ്പം കഴിയുന്നതിനെ വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് വൈകീട്ട് മൂന്നോടെയാണ് മരണപ്പെട്ടത്. 1946 ഡിസംബര്‍ 30ന് കാവുമ്പായി കുന്നില്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പങ്കെടുക്കുകയും ജയില്‍ രേഖയില്‍ 'ഡെയ്ഞ്ചര്‍ കമ്യൂണിസ്റ്റ്' എന്ന് രേഖപ്പെടുത്തപ്പെടുകയും ചെയ്തിരുന്നയാളാണ് ഇ കെ നാരായണന്‍ നമ്പ്യാര്‍. 20ാം വയസ്സിലാണ് 1946 ഡിസംബര്‍ 30ന് പിതാവ് തളിയന്‍ രാമന്‍ നമ്പ്യാരോടൊപ്പം നാരായണന്‍ നമ്പ്യാര്‍ സമരമുഖത്തേക്ക് പുറപ്പെട്ടത്. പിന്നീട് ഒളിവിപോയ നാരായണന്‍ നമ്പ്യാരെ 1948 ഒക്ടോബറില്‍ മലബാര്‍ സ്‌പെഷ്യല്‍ പോലിസ് പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചു. ആദ്യം തലശ്ശേരി സബ്ജയിലിലും പിന്നീട് വിയ്യൂര്‍ ജയിലിലും വിചാരണ തടവുകാരായി പാര്‍പ്പിച്ചു. തുടര്‍ന്ന് 37 വര്‍ഷം കഠിന തടവിന് വിധിച്ച നാരായണന്‍ നമ്പ്യാര്‍ ഉള്‍പ്പെടെ 108 പേരെ 1949ല്‍ സേലം ജയിലിലേക്ക് മാറ്റി. സേലം ജയിലില്‍ കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന ബ്ലോക്കില്‍ പാര്‍പ്പിക്കുകയും കഠിന ജോലികള്‍ ചെയ്യിപ്പിക്കുകയും ചെയ്തു. മോഷണക്കേസ് പ്രതികള്‍ക്ക് സമാനമായ രീതിയിലുള്ള ജയില്‍ അധികൃതരുടെ പീഡനത്തിനെതിരെ ശബ്ദിച്ച തടവുകാര്‍ക്ക് നേരെ 1952 ഫെബ്രവരി 11ന് ജയിലധികൃതര്‍ വെടിയുതിര്‍ത്തു. പിതാവ് തളിയന്‍ രാമന്‍ നമ്പ്യാര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ന് കണ്‍മുന്നിലാണ് കൊല്ലപ്പെട്ടത്. അന്നത്തെ വെടിവയ്പിലെ 22 വെടി ഉണ്ടകള്‍ ശരീരത്തില്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. 1964ല്‍ സിപി ഐ പിളര്‍ന്നപ്പോഴും നാരായണന്‍ നമ്പ്യാര്‍ സിപിഐയ്‌ക്കൊപ്പമായിരുന്നു.
ഭാര്യമാര്‍: പരേതരായ കാര്‍ത്ത്യായനി അമ്മ, ശ്രീദേവി അമ്മ. മക്കള്‍: പ്രസന്നകുമാരി, രാമചന്ദ്രന്‍, ഉഷ, രുഗ്മിണി, ഗണേശ് കുമാര്‍, ശോഭ, രമണി വേണുഗോപാല്‍. മരുമക്കള്‍: കുഞ്ഞിരാമന്‍ നമ്പ്യാര്‍, പുരുഷോത്തമന്‍, ചന്തു, പത്മനാഭന്‍, രേഷ്മ, വേണുഗോപാല്‍, ഓമന. സഹോദരങ്ങള്‍: പരേതനായ ഇ കെ രാഘവന്‍ നമ്പ്യാര്‍. മൃതദേഹം നാളെ രാവിലെ കാവുമ്പായിലെ വീട്ടിലെത്തിച്ച ശേഷം 7.30 മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.