യുഎഇയില്‍ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം; മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ

Update: 2021-07-16 05:36 GMT

ദുബായ്: കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ യുഎഇയില്‍ ഇത്തവണ പെരുന്നാള്‍ നിസ്‌കാരം പള്ളികളിലും ഈദ് ഗാഹുകളിലും നടത്തും. ജൂലൈ 20നാണ് യുഎഇയില്‍ പെരുന്നാള്‍. പെരുന്നാള്‍ നിസ്‌കാരത്തിനെത്തുന്നവര്‍ പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.


കൊവിഡ് നിയന്ത്രണ വിധേയമായ ശേഷം രണ്ടാമത്തെ പെരുന്നാള്‍ നിസ്‌കാരമാണ് പള്ളികളിലും ഈദുഗാഹുകളിലും നടക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് പെരുന്നാളുകളിലും നിസ്‌കാരം വീടുകള്‍ നിന്നാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പെരുന്നാള്‍ നിസ്‌കാരത്തിന് പള്ളികളില്‍ എത്തുന്നവര്‍ക്ക് കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി(എന്‍സിഇഎംഎ) നല്‍കിയിരിക്കുന്നത്.

മാര്‍ഗ നിര്‍ദേശങ്ങള്‍:-

  • ഈദ് നിസ്‌കാരത്തിന് 15 മിനുറ്റ് മുന്‍പ് മാത്രമാണ് പള്ളികളും ഈദ്ഗാഹുകളും തുറക്കുക.
  • പ്രാര്‍ത്ഥനക്ക് ശേഷം 15 മിനുറ്റ് കഴിഞ്ഞാല്‍ പള്ളികള്‍ അടക്കും.
  • പാര്‍ത്ഥനക്ക് എത്തുന്നവര്‍ മുസല്ലകള്‍ കൊണ്ട് വരണം. സാമൂഹിക അകലം പാലിക്കുന്നതിന് അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ നില്‍ക്കണം.
  • കൊവിഡ് പോസിറ്റീവ് ആയവരും സമ്പര്‍ക്കമുള്ളവരും ഒരു കാരണവശാലും പ്രാര്‍ത്ഥനക്ക് എത്തരുത്.
  • 12 വയസ്സിന് താഴെയുള്ളവരും 60 വയസ്സിന് മുകളിലുള്ളവരും വീടുകളില്‍ നിന്ന് പ്രാര്‍ത്ഥന നിര്‍വഹിക്കണം.
  • പള്ളികളിലും ഈദ് ഗാഹുകളിലും വുളൂ(അംഗ ശുചീകരണം) നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കുകയില്ല. വീടുകളില്‍ നിന്ന് തന്നെ പ്രാര്‍ത്ഥനക്ക് തയ്യാറായി വരണം.
  • പ്രാര്‍ത്ഥനക്ക് ശേഷം പരമ്പരാഗതമായി നടത്താറുള്ള മുസാഹഫാത്(ആശ്ലഷണം) അനുവദിക്കുകയില്ല.
  • പ്രാര്‍ത്ഥനക്ക് മുന്‍പും ശേഷവും വിശ്വാസികള്‍ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല.

Tags: