ഇസ്രയേല്‍-ബഹ്‌റെയ്ന്‍ കരാര്‍: സമാധാനത്തിലേക്കുള്ള ചുവട്‌വയ്‌പ്പെന്ന് അല്‍സിസി

'ഫലസ്തീന്‍ ലക്ഷ്യത്തിനായി നീതിപൂര്‍വവും ശാശ്വതവുമായ ഒത്തുതീര്‍പ്പ് നേടും വിധത്തില്‍, മിഡില്‍ ഈസ്റ്റില്‍ സ്ഥിരതയും സമാധാനവും സ്ഥാപിക്കുന്നതിനുള്ള ഈ സുപ്രധാന നടപടിയെ താന്‍ വിലമതിക്കുന്നു'- അല്‍ സിസി ട്വീറ്റ് ചെയ്തു.

Update: 2020-09-12 14:56 GMT

കെയ്‌റോ: സമ്പൂര്‍ണ നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ഇസ്രയേലും ബഹ്‌റെയ്‌നും തമ്മിലുണ്ടായക്കിയ ധാരണയെ മേഖലയുടെ സമാധാനത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് താന്‍ കരുതുന്നതായി ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി.

'ഫലസ്തീന്‍ ലക്ഷ്യത്തിനായി നീതിപൂര്‍വവും ശാശ്വതവുമായ ഒത്തുതീര്‍പ്പ് നേടും വിധത്തില്‍, മിഡില്‍ ഈസ്റ്റില്‍ സ്ഥിരതയും സമാധാനവും സ്ഥാപിക്കുന്നതിനുള്ള ഈ സുപ്രധാന നടപടിയെ താന്‍ വിലമതിക്കുന്നു'- അല്‍ സിസി ട്വീറ്റ് ചെയ്തു. ഈ 'ചരിത്രപരമായ നടപടി' നടപ്പിലാക്കുന്നതില്‍ പങ്കാളികളായ കക്ഷികള്‍ക്ക് അദ്ദേഹം നന്ദിയും പ്രകാശിപ്പിച്ചു.

കഴിഞ്ഞ മാസം യുഎഇ ബന്ധം സാധാരണ നിലയിലാക്കിയതിനു പിന്നാലെയാണ് ബഹ്‌റെയ്‌നും ഇസ്രയേലുമായി സമ്പൂര്‍ണ നയതന്ത്രബന്ധം സ്ഥാപിക്കാനൊരുങ്ങുന്നത്. സമ്പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഇസ്രയേലും ബഹ്‌റെയ്‌നും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെള്ളിയാഴ്ചയാണ് ലോകത്തെ അറിയിച്ചത്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ബഹ്‌റെയ്ന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും തമ്മിലുള്ള ടെലിഫോണ്‍ കോളിലാണ് പുതിയ കരാര്‍ തീരുമാനിച്ചതെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ട്വിറ്ററില്‍ കുറിച്ച യുഎസ്-ബഹ്‌റെയ്ന്‍-ഇസ്രായേല്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, കരാറിനെതിരേ ഫലസ്തീനിലെ വിവിധ ഗ്രൂപ്പുകള്‍ ശക്തമായി അപലപിച്ചു മുന്നോട്ട് വന്നിട്ടുണ്ട്.

Tags:    

Similar News