നഷ്ടപരിഹാരം നല്‍കിയില്ല; സൂയസ് കനാലില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച ഭീമന്‍ കപ്പല്‍ പിടിച്ചെടുത്ത് ഈജിപ്ത്

കപ്പലിനെ വീണ്ടും ചലിപ്പിക്കുന്നതിനായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ചെലവ്, കനാലിന്റെ ഗതാഗതം തടസ്സപ്പെട്ട ദിവസത്തിലെ നഷ്ടപരിഹാരം എന്നിവ ഉള്‍ക്കൊള്ളിച്ചാണ് 900 മില്യന്‍ ഡോളര്‍ നല്‍കാന്‍ കനാല്‍ അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

Update: 2021-04-14 11:37 GMT

കെയ്‌റോ: സൂയസ് കനാലില്‍ ആഴ്ചകള്‍ക്ക് മുമ്പ് ചരക്കുനീക്കത്തിന് തടസ്സം സൃഷ്ടിച്ച ഭീമന്‍ ചരക്ക് കപ്പല്‍ ഈജിപ്ത് പിടിച്ചെടുത്തു. നഷ്ടപരിഹാരമായ 900 മില്യന്‍ യുഎസ് ഡോളര്‍ അടയ്ക്കാത്തതിനാലാണ് ചരക്ക് കപ്പലായ 'എവര്‍ ഗിവണ്‍' ഈജിപ്തിലെ സൂയസ് കനാല്‍ അതോറിറ്റി പിടിച്ചെടുത്തതെന്നാണ് റിപോര്‍ട്ട്. കനാല്‍ അതോറിറ്റി മേധാവി ഒസാമ റാബിയെ ഉദ്ധരിച്ച് ഈജിപ്തിലെ അല്‍ അഹ്‌റാം ദിനപ്പത്രമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. കോടതി ഉത്തരവ് പ്രകാരമാണ് ഉടമകള്‍ നഷ്ടപരിഹാരം നല്‍കുന്നതുവരെ കപ്പല്‍ പിടിച്ചെടുത്തതെന്ന് കനാല്‍ അതോറിറ്റി വ്യക്തമാക്കി.

ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയാണ് സൂയസ് കനാല്‍. ഇവിടെ ആഗോള ചരക്ക് നീക്കത്തിന് തടസ്സം സൃഷ്ടിച്ച് ഒരാഴ്ചയോളമാണ് ഭീമന്‍ കപ്പലായ എവര്‍ ഗിവണ്‍ കുടുങ്ങിക്കിടന്നത്. കപ്പലിനെ വീണ്ടും ചലിപ്പിക്കുന്നതിനായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ചെലവ്, കനാലിന്റെ ഗതാഗതം തടസ്സപ്പെട്ട ദിവസത്തിലെ നഷ്ടപരിഹാരം എന്നിവ ഉള്‍ക്കൊള്ളിച്ചാണ് 900 മില്യന്‍ ഡോളര്‍ നല്‍കാന്‍ കനാല്‍ അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇത്രയും ദിവസമായിട്ടും കപ്പല്‍ ഉടമകള്‍ പണം അടച്ചില്ലെന്നും അതിനാലാണ് കപ്പല്‍ പിടിച്ചെടുത്തതെന്നും കനാല്‍ അതോറിറ്റി മേധാവി അറിയിച്ചു.

തിങ്കളാഴ്ചയാണ് ഇസ്മായിലിയയിലെ കോടതി കപ്പല്‍ പിടിച്ചെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാലെ ഇക്കാര്യം കപ്പലിലെ ജീവനക്കാരെ അധികൃതര്‍ അറിയിക്കുകയും ചെയ്തു. അതേസമയം, നഷ്ടപരിഹാരത്തുക സംബന്ധിച്ച് കനാല്‍ അതോറിറ്റിയും കപ്പല്‍ ഉടമകളും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുന്നതായും വിവരമുണ്ട്. മാര്‍ച്ച് 23നാണ് ഭീമന്‍ ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ സൂയസ് കനാലില്‍ കുടുങ്ങിയത്. ഷെന്‍സന്‍ തുറമുഖത്തുനിന്നും റോട്ടര്‍ഡാമിലേക്ക് പോകുന്നതിനിടെയാണ് പടുകൂറ്റന്‍ കണ്ടെയ്‌നര്‍ കപ്പല്‍ സൂയസ് കനാലില്‍ കുറുകെ തിരിഞ്ഞ് കുടുങ്ങിപ്പോയത്.

ശക്തമായ കാറ്റിനെത്തുടര്‍ന്ന് കപ്പല്‍ കനാലിന് കുറുകെ വരികയും മണല്‍ത്തിട്ടയിലേയ്ക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇതോടെ സൂയസ് കനാല്‍ വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. 300 ഓളം കപ്പലുകളാണ് കപ്പലിന് ഇരുവശത്തുമായി കുടുങ്ങിക്കിടന്നത്. കപ്പല്‍ ഗതാഗതം നിലച്ചതോടെ വ്യാപാരമേഖലയില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ജലപാത അടച്ച ഓരോ ദിവസവും ഈജിപ്തിന് 12 മുതല്‍ 15 മില്യന്‍ ഡോളര്‍ വരെ വരുമാനം നഷ്ടപ്പെട്ടതായി കനാല്‍ അതോറിറ്റി അറിയിച്ചു. കപ്പല്‍ കുടുങ്ങിയത് മൂലവും തീവ്രമായ രക്ഷാപ്രവര്‍ത്തനങ്ങവും കനാലിന് കാര്യമായ നാശനഷ്ടമുണ്ടാക്കിയതായി റിപോര്‍ട്ടുണ്ട്. പിന്നീട് ആറുദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 29നാണ് കുടുങ്ങികിടന്ന കപ്പല്‍ വീണ്ടും ചലിപ്പിക്കാനായത്. നിലവില്‍ ഈജിപ്തിലെ ഗ്രേറ്റ് ബിറ്റര്‍ ലേക്കിലാണ് എവര്‍ഗിവണ്‍ നങ്കൂരമിട്ടിരിക്കുന്നത്.

Tags:    

Similar News