ഗസയിലേക്ക് ഇന്ധനവും കെട്ടിട നിര്‍മ്മാണ സാമഗ്രികളും അയക്കാന്‍ ഈജിപ്തും ഖത്തറും തമ്മില്‍ ധാരണ

ഫലസ്തീനെ സഹായിക്കാനുള്ള അന്താരാഷ്ട്ര സമിതിയുടെ അഡ്‌ഹോക്ക് കമ്മിറ്റിയോഗത്തിലാണ് ഖത്തറും ഈജിപ്തും കരാറില്‍ ഏര്‍പ്പെട്ടത്

Update: 2021-11-18 07:13 GMT

ഒസ്‌ലോ: ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസയിലേക്ക് ഇന്ധനവും കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ സാമഗ്രികളും കയറ്റിഅയക്കാന്‍ ഈജിപ്തും ഖത്തറും തമ്മില്‍ ധാരണയായി. ഒസ്‌ലോയില്‍ നടന്ന കൂടികാഴ്ചയില്‍ ഇതുസംബന്ധിച്ച് കരാറില്‍ ഒപ്പിട്ടതായി ഖത്തര്‍ വിദേശ കാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈകിഹി പറഞ്ഞു. ഫലസ്തീനെ സഹായിക്കാനുള്ള അന്താരാഷ്ട്ര സമിതിയുടെ അഡ്‌ഹോക്ക് കമ്മിറ്റിയോഗത്തിലാണ് ഖത്തറും ഈജിപ്തും കരാറില്‍ ഏര്‍പ്പെട്ടത്. റഫ അതിര്‍ത്തിയിലൂടെയുള്ള ഫലസ്തീനിുകളുടെ യാത്രകള്‍ എളുപ്പത്തിലാക്കുകയും ഗസ വാസികളുടെ പ്രതിസന്ധികള്‍ പരിഹരിക്കുകയുമാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നത്.


മെയ് മാസത്തില്‍ നടന്ന 11 ദിവസത്തെ ഗസ -ഇസ്രായേല്‍ യുദ്ധത്തിന് ശേഷം തകര്‍ന്ന് കിടക്കുന്ന ഗസയിലെ ആഭ്യന്തര രംഗം പുനര്‍ നര്‍മ്മിക്കുകയാണ് ലക്ഷ്യം. 2200 ലധികം വീടുകളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നത്. റോയിട്ടേയ്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം പാര്‍പ്പിടങ്ങളടക്കം 37000 കെട്ടിടങ്ങള്‍ ഗസയില്‍ തകര്‍ന്നിട്ടുണ്ട്. 253 ഫലസ്തീനികള്‍ക്ക് ജീവഹാനി സംഭവിച്ച യുദ്ധത്തില്‍ 13 ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദ്ധത്തെ തുടര്‍ന്ന മെയ് 21നാണ് ഇരു കക്ഷികളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. 497 മില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചെങ്കില്‍ മാത്രമേ ഗസയുടെ പുനര്‍ നിര്‍മ്മാണം സാധിക്കുകയുള്ളുവെന്ന് ഗസ അതോറിറ്റി കണക്കാക്കിയിരുന്നു. 500 മില്ല്യണ്‍ ധനസഹായം നല്‍കാനാണ് ഈജിപ്തും ഖത്തറും ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

Tags: