ജര്‍മനിയില്‍ മലയാളികള്‍ ബീഫ് വിളമ്പുന്നത് തടയാന്‍ ശ്രമം; ഉത്തരേന്ത്യക്കാരെ പോലിസ് വിരട്ടിയോടിച്ചു

കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് സംഘടിപ്പിച്ച ഭക്ഷ്യമേളയിലാണ് സ്റ്റാള്‍ നമ്പര്‍ 13ല്‍ ബീഫും പൊറോട്ടയും ഉണ്ടെന്ന് അറിയിച്ചത്

Update: 2019-09-02 01:34 GMT

ബെര്‍ലിന്‍: ജര്‍മനിയില്‍ കേരള സമാജം സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ ബീഫ് വിളമ്പുന്നത് തടയാന്‍ ഉത്തരേന്ത്യന്‍ ഹിന്ദുത്വരുടെ ശ്രമം നിഷ്ഫലമാക്കി. പ്രതിഷേധക്കാരെ പോലിസ് വിരട്ടിയോടിച്ചു. ബീഫ് കഴിക്കുന്നത് ഹൈന്ദവ സംസ്‌കാരത്തിന് എതിരാണെന്നു പറഞ്ഞാണ് ഒരുവിഭാഗം പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചത്.

    


    ഹിന്ദുത്വരുടെ ആവശ്യപ്രകാരം ബീഫ് സ്റ്റാള്‍ അടക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേരള സമാജം പ്രവര്‍ത്തകര്‍ പോലിസുമായി ബന്ധപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ പോലിസ് സംഘാടകരോട് കാര്യങ്ങള്‍ വിശദീകരിച്ചു. ഏത് ഭക്ഷണവും വിളമ്പുന്നതിനും ജര്‍മനിയില്‍ വിലക്കില്ലെന്നും ബീഫ് വിളമ്പുന്നത് തടയാന്‍ ഇത് നിങ്ങളുടെ രാജ്യമല്ലെന്നും പോലിസ് നിലപാടെടുത്തു. ബീഫ് വിളമ്പുന്നത് ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിലും മറ്റുള്ളവര്‍ എന്ത് കഴിക്കണമെന്നു തീരുമാനിക്കാനും തടയാനും ആര്‍ക്കും അധികാരമില്ലെന്നും പോലിസ് തടയാനെത്തിയവരെ അറിയിച്ചു. പോലിസിന്റെ വിരട്ടലിനു മുന്നില്‍ ഗത്യന്തരമില്ലാതെ പ്രതിഷേധിക്കാനെത്തിയ ഉത്തരേന്ത്യക്കാര്‍ മടങ്ങുകയായിരുന്നു. ഉത്തരേന്ത്യക്കാരെ പിന്തുണച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ രംഗത്തെത്തിയത് പ്രതിഷേധത്തിനും കാരണമായി.

    കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് സംഘടിപ്പിച്ച ഭക്ഷ്യമേളയിലാണ് സ്റ്റാള്‍ നമ്പര്‍ 13ല്‍ ബീഫും പൊറോട്ടയും ഉണ്ടെന്ന് അറിയിച്ചത്. ഇതിനെതിരേ ഹിന്ദുത്വര്‍ പ്രതിഷേധിച്ചതോടെ ഇന്ത്യന്‍ കോണ്‍സുലേറ്റും അവര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. ഇടിയപ്പം, ഇഡ്ഢലിയും സാമ്പാറും തുടങ്ങിയ മലയാളികളുടെ ഇഷ്ടഭക്ഷണത്തോടൊപ്പമാണ് ബീഫും പൊറോട്ടയും ഇടംപിടിച്ചിരുന്നത്. ഹിന്ദുത്വരുടെ കുപ്രചാരണത്തിനെതിരേ കേരളസമാജം പ്രവര്‍ത്തകര്‍ ഞങ്ങള്‍ എന്ത് ഭക്ഷിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിക്കുകയും ചെയ്തു. മതത്തിന്റെ പേരിലുള്ള ഭീരുത്വ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിക്കുക, ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ നയം തുടരുന്നതില്‍ പ്രതിഷേധിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.



Tags:    

Similar News