ലക്ഷദ്വീപ് സ്‌കൂളില്‍ മാംസാഹാരം തുടരാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

സുപ്രിംകോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാതലത്തിലാണ് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ രാകേശ് ദഹിയ ഡാനിക്‌സ് ഉത്തരവിറക്കിയിരിക്കുന്നത്.

Update: 2022-07-23 05:02 GMT

കവരത്തി: ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ മാംസാഹാരം നല്‍കുന്നത് തുടരാന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ്. സുപ്രിംകോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാതലത്തിലാണ് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ രാകേശ് ദഹിയ ഡാനിക്‌സ് ഉത്തരവിറക്കിയിരിക്കുന്നത്. ഇനിമുതല്‍ ലക്ഷദ്വീപിലെ വിദ്യാലയങ്ങളില്‍ മുന്‍കാലങ്ങളിലേതുപോലെ മാംസം, മത്സ്യം, മുട്ട എന്നിവയുള്‍പ്പടെയുള്ള ഭക്ഷണങ്ങള്‍ ഉപയോഗിക്കാം.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസാഹാരങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇതിനെതിരേ സേവ് ലക്ഷദ്വീപ് ഫോറം പ്രവര്‍ത്തകനും കവരത്തി ദ്വീപ് സ്വദേശിയുമായ അഡ്വ. അജ്മല്‍ അഹമ്മദാണ് സുപ്രിംകോടതിയെ സമീപിച്ചത്. 2022 മെയ് 2ന് ഭരണകൂടത്തിന് തിരിച്ചടിയായി വിദ്യാര്‍ഥികളുടെ ഭക്ഷണത്തില്‍ മാംസാഹാരം തുടരാമെന്ന് സുപ്രീകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജിയില്‍ സുപ്രിംകോടതി കേന്ദ്രത്തിനും പ്രഫുല്‍പട്ടേലിനും നോട്ടിസ് അയച്ചിരുന്നു. ലക്ഷദ്വീപിന്റെ തനത് ഭക്ഷണ സംസ്‌കാരം തകര്‍ക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഭരണകൂട നടപടി എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.








Tags:    

Similar News