ബിജെപി കള്ളപ്പണ ചര്‍ച്ചയ്ക്കിടെ ചാനല്‍ അവതാരകന് ഇഡിയുടെ ഭീഷണി; മിണ്ടാട്ടമില്ലാതെ മാധ്യമലോകം

സംഭവത്തില്‍ എഡിറ്റേഴ്‌സ് ഗില്‍ഡോ കേരള പത്രപ്രവര്‍ത്തക യൂനിയനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിര്‍ണായകമായ ഒട്ടേറെ വിവരങ്ങള്‍ പുറത്തുവന്നിട്ടും ബിജെപിയുടെ കള്ളപ്പണ ഇടപാടിനെതിരേ അന്വേഷണത്തിന് തയ്യാറാവാത്ത ഇഡി, കള്ളപ്പണക്കേസില്‍ പൊതുചര്‍ച്ചകള്‍ പോലും തടസ്സപ്പെടുത്തുന്നു എന്ന ഗുരുതര സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

Update: 2021-06-02 09:20 GMT

പി സി അബ്ദുല്ല

കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി കേരളത്തിലേക്ക് കോടികളുടെ കള്ളപ്പണം കടത്തിയതുമായി ബന്ധപ്പെട്ട തല്‍സമയ ചര്‍ച്ചയ്ക്കിടെ ചാനല്‍ അവതാരകനെ ഇഡി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മൗനം. ഇന്നലെ രാത്രി ഏഷ്യാനെറ്റിലെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെയാണ് അവതാരകനും ചീഫ് ന്യൂസ് കോ-ഓഡിനേറ്റ് എഡിറ്ററുമായ വിനു വി ജോണിനെ ഉന്നത ഇഡി ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയത്.

സംഭവത്തില്‍ എഡിറ്റേഴ്‌സ് ഗില്‍ഡോ കേരള പത്രപ്രവര്‍ത്തക യൂനിയനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാധ്യമസ്വാതന്ത്ര്യത്തിനെതിരായി കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് ഇന്നലെ അരങ്ങേറിയത്. നിര്‍ണായകമായ ഒട്ടേറെ വിവരങ്ങള്‍ പുറത്തുവന്നിട്ടും ബിജെപിയുടെ കള്ളപ്പണ ഇടപാടിനെതിരേ അന്വേഷണത്തിന് തയ്യാറാവാത്ത ഇഡി, കള്ളപ്പണക്കേസില്‍ പൊതുചര്‍ച്ചകള്‍ പോലും തടസ്സപ്പെടുത്തുന്നു എന്ന ഗുരുതര സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

കേരളത്തില്‍ ബിജെപി നടത്തിയ കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയ എല്‍ജെഡി നേതാവ് സലിം മടവൂര്‍ അടക്കം പങ്കെടുത്ത ചര്‍ച്ച നയിക്കുന്നതിനിടെയാണ് വിനു വി ജോണിന്റെ ഫോണിലേക്ക് ഇഡി ഉദ്യോഗസ്ഥന്റെ ഭീഷണി സന്ദേശം വന്നത്.

കേസില്‍ ഇഡി അന്വേഷണം നത്താത്തതിനെക്കുറിച്ച് വിനു രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിനിടെ കൂടുതല്‍ ഇടപെടേണ്ട എന്ന ധ്വനിയിലായിരുന്നു സന്ദേശം. ഹവാല, കള്ളപ്പണക്കേസുകളില്‍ ഇടപെടാന്‍ ഇഡിക്ക് അധികാരമില്ലെന്ന് ചര്‍ച്ചയ്ക്കിടെ ഇഡി ഉദ്യോഗസ്ഥന്‍ സന്ദേശത്തിലൂടെ അവതാരകനെ അറിയിച്ചിയുന്നു. ഇഡിയുടെ ഈ നിലപാട് വിനുവും ചര്‍ച്ചയില്‍ പങ്കെടുത്തവരും ചോദ്യം ചെയ്തതോടെയാണ് ഇഡി ഉദ്യോഗസ്ഥന്റെ ഭീഷണി സന്ദേശം എത്തിയത്.

ബിജെപി എംപി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതമിലുള്ള ഏഷ്യാനെറ്റ് ന്യൂസും ബിജെപി കേരള നേതൃത്വവും തമ്മില്‍ കഴിഞ്ഞ കുറച്ചുനാളുകളായി സ്വരച്ചേര്‍ച്ചയിലല്ല. ബിജെപി വക്താക്കള്‍ ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറുമില്ല. കേന്ദ്ര സഹമന്ത്രി വി മുരളീധരനും രാജീവ് ചന്ദ്രശേഖരനും തമ്മില്‍ നടക്കുന്ന അധികാര വടംവലിയാണ് കേരള ബിജെപിയുടെ ചാനല്‍ ബഹിഷ്‌കരണത്തിലെത്തിനില്‍ക്കുന്നതെന്നാണ് അണിയറ സംസാരം. വി മുരളീധരനെ നീക്കി കേന്ദ്രമന്ത്രിയാവാന്‍ രാജീവ് ചന്ദ്രശേഖരന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് കള്ളപ്പണ ഇടപാട് അടക്കമുള്ള സംഭവവികാസങ്ങള്‍ ആക്കം കുട്ടിയതായും സൂചനകളുണ്ട്.

പാലക്കാട്ടെ ഇ ശ്രീധരന്റെ തോല്‍വിയന്വേഷിക്കാന്‍ കേന്ദ്രനേതൃത്വം നിയോഗിച്ച പ്രത്യേകസംഘം നാളെ കേരളത്തിലെത്തുന്നുണ്ട്. ശ്രീധരന്റെ തോല്‍വിയുമായി ബന്ധപ്പെട്ട് വി മുരളീധരന്റെ വിശ്വസ്തനെതിരേയാണ് പരാതി നിലവിലുള്ളത്. ഇതിനു പിന്നാലെ കോടികളുടെ കള്ളപ്പണക്കേസില്‍ കേരള പോലിസിന്റെ അന്വേഷണം മുരളീധരന്റെ നോമിനിയായ സംസ്ഥാന പ്രസിഡന്റിനരികെ എത്തിനില്‍ക്കുന്നതും കേന്ദ്രനേതൃത്വത്തിന് വലിയ തലവേദനയാണുണ്ടാക്കിയത്.

Tags: