കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് ഇഡി നോട്ടിസ്

Update: 2021-06-26 06:13 GMT

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖിന് ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്)യുടെ നോട്ടിസ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ദേശ്മുഖിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് കുന്ദന്‍ ഷിന്‍ഡെ, പേഴ്‌സണല്‍ സെക്രട്ടറി സഞ്ജീവ് പാലന്ദെ എന്നിവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം ഇഡി സംഘം നാഗ്പൂരിലെ ദേശ്മുഖിന്റെ വസതികളില്‍ റെയ്ഡ് നടത്തിയിരുന്നു. ബാറുകളില്‍ നിന്ന് പ്രതിമാസം 100 കോടി രൂപ കോഴ വാങ്ങി നല്‍കണമെന്ന് അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നതായി മുംബൈ മുന്‍ പോലിസ് കമ്മീഷണര്‍ വെളിപ്പെടുത്തിയിരുന്നു. ആരോപണത്തെ തുടര്‍ന്ന് അനില്‍ ദേശ്മുഖിനെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

    പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച എസ്‌യുവി കണ്ടെടുത്തതിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ഏറ്റുമുട്ടല്‍ വിദഗ്ധരായ പോലിസ് ഉദ്യോഗസ്ഥര്‍ സച്ചിന്‍ വാസെയെയും പരം ബിര്‍ സിങിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരാണ് മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരേ രംഗത്തെത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സിബിഐ ദേശ്മുഖിനെതിരേ കള്ളപ്പണം വെളുപ്പിക്കലിനു കേസെടുത്തിരുന്നു. ഇതിനു പിന്നാലെ മെയ് 11 നാണ് ഇഡി കേസ് രജിറ്റര്‍ ചെയ്തത്. ഇഡി കേസെടുത്തതിനു പിന്നാലെ ദേശ്മുഖിന്റെ വസതികള്‍ ഉള്‍പ്പെടെ നാലിടങ്ങളില്‍ പരിശോധനയും നടത്തിയിരുന്നു. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ED summons Anil Deshmukh in money laundering case



Tags: