പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്

Update: 2023-06-09 09:17 GMT

കല്‍പ്പറ്റ: കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന കെ കെ അബ്രഹാം പ്രതിയായ വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. ഇന്ന് ഉച്ചയോടെ ബാങ്കില്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പത്തട്ടിപ്പിനിരയായ കര്‍ഷകന്‍ ആത്മഹത്യചെയ്തതിന് പിന്നാലെയാണ് ബാങ്കിന്റെ മുന്‍ പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ കെ അബ്രഹാമിനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. പുല്‍പ്പള്ളി സഹകരണ ബാങ്കിലെ തട്ടിപ്പ് നടക്കുന്ന ഘട്ടത്തില്‍ അബ്രഹാം പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കാണ് ബാങ്കിന്റെ നിയന്ത്രണം. മരണപ്പെട്ട രാജേന്ദ്രന്റെ പേരില്‍ രണ്ട് വായ്പകളുണ്ട്. കുടിശ്ശികയടക്കം 46.58 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ബാങ്കില്‍ നടന്ന വായ്പത്തട്ടിപ്പിനിരയാണ് രാജേന്ദ്രനെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്ഥലം പണയപ്പെടുത്തി 70,000 രൂപയാണ് വായ്പയെടുത്തിരുന്നത്. എന്നാല്‍, ബാങ്ക് മുന്‍ പ്രസിഡന്റ് കെ കെ അബ്രഹാമിന്റെ നേതൃത്വത്തില്‍ രാജേന്ദ്രന്റെ പേരില്‍ വന്‍തുക കൈപ്പറ്റുകയെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. തുക തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കില്‍നിന്ന് രാജേന്ദ്രന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. രാജേന്ദ്രന്റെ ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് അബ്രഹാമിനെ പുല്‍പ്പള്ളി പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനു പിന്നാലെ കോണ്‍ഗ്രസ് നടപടിയെടുക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അബ്രഹാം രാജിക്കത്ത് നല്‍കിയിരുന്നു.

Tags:    

Similar News