കള്ളപ്പണം വെളുപ്പിക്കല്‍: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ പേഴ്‌സണല്‍ സെക്രട്ടറി അറസ്റ്റില്‍

Update: 2021-06-26 02:22 GMT

അനില്‍ ദേശ്മുഖ്(ഫയല്‍ ചിത്രം)


മുംബൈ: പണമിടപാട് കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജീവ് പാലന്ദെയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് സഞ്ജീവ് പാലന്ദെയെ ഇന്നലെ ഉച്ചയ്ക്കു ശേഷം ഇ.ഡി ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി നാഗ്പൂരിലെയും മുംബൈയിലെയും വസതികളില്‍ ഇഡി തിരച്ചില്‍ നടത്തിയിരുന്നു.

    മന്ത്രി ആയിരുന്നപ്പോള്‍ ദേശ്മുഖിന് അനുവദിച്ചിരുന്ന മുംബൈ വോര്‍ലിയിലെ ദേശ്മുഖിന്റെ ഫ്‌ളാറ്റിലും തെക്കന്‍ മുംബൈയിലെ മലബാര്‍ കുന്നിലെ 'ധ്യാനേശ്വരി' ബംഗ്ലാവിലുമാണ് തിരച്ചില്‍ നടത്തിയിരുന്നത്. മുംബൈയിലെ പാലന്ദെയുടെ വസതിയിലും ഇഡി അധികൃതര്‍ തിരച്ചില്‍ നടത്തിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.

    സംഭവത്തില്‍ സിബിഐ എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ അനില്‍ ദേശ്മുഖിനും മറ്റുള്ളവര്‍ക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമപ്രകാരം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സിബിഐയുടെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഇഡി കേസെടുത്തത്. ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഗാഡി(എംവിഎ) സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു എന്‍സിപി നേതാവായ അനില്‍ ദേശ്മുഖ്. തനിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഏപ്രിലില്‍ അദ്ദേഹം രാജിവച്ചിരുന്നു. മുംബൈയിലെ ബാറുകളില്‍ നിന്നും റെസ്‌റ്റോറന്റുകളില്‍ നിന്നും പ്രതിമാസം 100 കോടി രൂപ പിരിച്ചെടുക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന അനില്‍ ദേശ്മുഖ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി പോലീസ് കമ്മീഷണര്‍ തസ്തികയില്‍ നിന്ന് നീക്കം ചെയ്ത ശേഷം പോലിസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെമുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. മുകേഷ് അംബാനിയുടെ വസതിക്കു മുന്നില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ വാഹനം കണ്ടെത്തിയ സംഭവത്തിലാണ് ഏറ്റുമുട്ടല്‍ വിദഗ്ധനായ സച്ചിന്‍ വാസേ അറസ്റ്റിലായത്.

ED arrested Anil Deshmukh's Personal secretary in money laundering case

Tags:    

Similar News