സാമ്പത്തിക സര്‍വേ വിവരശേഖരണം: സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്കയകറ്റണം- എസ്ഡിപിഐ

Update: 2020-12-26 13:15 GMT
തിരുവനന്തപുരം: സാമ്പത്തിക സര്‍വേയുടെ പേരില്‍ ജനങ്ങളുടെ വിവരശേഖരണം നടത്തുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. സാമ്പത്തിക സര്‍വേയെന്ന പേരില്‍ നടത്തുന്ന സര്‍വേയില്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉള്‍പ്പെടുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നതാണ് ആശങ്കയ്ക്കിടയാക്കിയിരിക്കുന്നത്. കൊവിഡ് ഭീതി മാറിയാല്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് നീങ്ങുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ഇത്തരം സര്‍വേകളും നടക്കുന്നതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ജനങ്ങളുടെ ആശങ്കയും ഭയവും അകറ്റുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സത്വരമായ ഇടപെടല്‍ ഉണ്ടാവണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.


എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ഉസ്മാന്‍, പി പി മൊയ്തീന്‍ കുഞ്ഞ്, ഇ എസ് കാജാ ഹുസൈന്‍ സംസാരിച്ചു.