യുദ്ധത്തിന്റെ സാമ്പത്തിക ആഘാതങ്ങള്‍ മാസങ്ങളോളം നമ്മെ പിന്തുടരും: ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി
യുദ്ധത്തിന്റെ സാമ്പത്തിക ആഘാതങ്ങള്‍ മാസങ്ങളോളം നമ്മോടൊപ്പമുണ്ടാകുമെന്ന് എന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്. വരും മാസങ്ങളില്‍ സാമ്പത്തിക ആഘാതം വര്‍ധിക്കുമെന്നും ആന്റണി അല്‍ബനീസ് മുന്നറിയിപ്പ് നല്‍കി.
'വരാനിരിക്കുന്ന മാസങ്ങള്‍ എളുപ്പമായിരിക്കില്ല. അതിനെക്കുറിച്ച് ഞാന്‍ തുറന്നുപറയാന്‍ ആഗ്രഹിക്കുന്നു. ഈ യുദ്ധം ഉണ്ടാക്കുന്ന ആഘാതങ്ങള്‍ ഇല്ലാതാക്കുമെന്ന് ഒരു സര്‍ക്കാരിനും വാഗ്ദാനം ചെയ്യാന്‍ കഴിയില്ല,' അല്‍ബനീസ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അപൂര്‍വ പ്രസംഗത്തില്‍ പറഞ്ഞു.
പെട്രോള്‍ വിലയില്‍ വലിയ വര്‍ദ്ധനവ് നേരിടുന്നതിനാല്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ തയ്യാറാവണം. ഗ്രാമീണ സമൂഹങ്ങള്‍ക്കും അവശ്യ സേവനങ്ങള്‍ക്കുമായി ഇന്ധനം സംരക്ഷിക്കുന്നതിലേക്ക് മാറാന്‍ അല്‍ബനീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 'ഈ യുദ്ധത്തില്‍ ആസ്‌ത്രേലിയ സജീവ പങ്കാളിയല്ല. എന്നാല്‍ എല്ലാ ആസ്‌ത്രേലിയയിലെ ജനങ്ങളും ഇത് കാരണം ഉയര്‍ന്ന വില നല്‍കുന്നു.
'കര്‍ഷകരും ട്രക്ക് ഡ്രൈവര്‍മാരും ചെറുകിട ബിസിനസുകളും കുടുംബങ്ങളും യുദ്ധം മൂലം ദുരിതത്തിലാകുന്നു. യാഥാര്‍ത്ഥ്യം എന്തെന്നാല്‍, ഈ യുദ്ധം മൂലമുണ്ടാകുന്ന സാമ്പത്തിക ആഘാതങ്ങള്‍ മാസങ്ങളോളം നമ്മോടൊപ്പമുണ്ടാകും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.