സാമ്പത്തിക തകര്‍ച്ച: പ്രതിപക്ഷ മൗനം അപകടകരം- അബ്ദുല്‍ മജീദ് ഫൈസി

രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളെ പരിഗണിച്ചുകൊണ്ടുള്ള സാമ്പത്തിക നയം നടപ്പില്‍ വരുത്താതെ തൊലിപ്പുറമേയുള്ള ചികിത്സ കൊണ്ട് സമ്പത് വ്യവസ്ഥയെ രക്ഷിക്കാന്‍ ആവില്ലെന്നു എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.

Update: 2019-09-27 16:12 GMT

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ വികല സാമ്പത്തിക നയത്തിന്റെ ഫലമായി രാജ്യം തകര്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം പാലിക്കുന്നത് അപകടകരാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. സഭയിലും പുറത്തും പ്രക്ഷോഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങാത്ത സാഹചര്യത്തില്‍ പാര്‍ട്ടി നടത്തികൊണ്ടിരിക്കുന്ന പ്രതിഷേധത്തിന് പ്രസക്തി ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ സംഘി ധനശാസ്ത്രം ജനങ്ങളെ വിഡ്ഢികളാക്കുന്നു എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്ഡിപിഐ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങള്‍ അടിവസ്ത്രമടക്കം വാങ്ങാന്‍ തയ്യാറാവാത്തത് ഗാന്ധിജിയെ പോലെ നിഷ്‌കാമികളായതു കൊണ്ടല്ല, മറിച്ചു കയ്യില്‍ കാശ് ഇല്ലാത്തത് കൊണ്ടാണെന്നു സര്‍ക്കാര്‍ തിരിച്ചറിയണം. രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളെ പരിഗണിച്ചുകൊണ്ടുള്ള സാമ്പത്തിക നയം നടപ്പില്‍ വരുത്താതെ തൊലിപ്പുറമേയുള്ള ചികിത്സ കൊണ്ട് സമ്പത് വ്യവസ്ഥയെ രക്ഷിക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറി വാഹിദ് ചെറുവറ്റ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണകള്‍ ജില്ലാ നേതാക്കളായ സലീം കാരാടി (താമരശ്ശേരി), എം എ സലീം (ബേപ്പൂര്‍), കെ കെ ഫൗസിയ (തിരുവമ്പാടി), എന്‍ കെ റഷീദ് ഉമരി (കൊയിലാണ്ടി), നജീബ് അത്തോളി (കുറ്റിയാടി), സാലിം അഴിയൂര്‍ (വടകര), ഇസ്മാഈല്‍ കമ്മന (നാദാപുരം) ഉദ്ഘാടനം ചെയിതു.

Tags:    

Similar News