കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നത
മദ്രാസ് ഹൈക്കോടതിയിലും സുപ്രിംകോടതിയിലും സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ഉള്ളടക്കത്തെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരില്‍ ഒരാള്‍ ശക്തമായി എതിര്‍ത്തു.
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിനിടെ തിരഞ്ഞെടുപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നത. ജഡ്ജിമാരുടെ വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയണമെന്ന് മദ്രാസ് ഹൈക്കോടതിയില്‍ കമ്മിഷന്‍ അപേക്ഷ നല്‍കിയതിനും, ഹൈക്കോടതിയുടെ "കൊലപാതകക്കുറ്റം" പരാമര്‍ശത്തിനെതിരേ സുപ്രിംകോടതിയില്‍ പ്രത്യേക അവധി അപേക്ഷ നല്‍കിയതിനും കമ്മിഷന്റെ ഏകകണ്ഠമായ അംഗീകാരമില്ലെന്നാണ് സൂചന.
മദ്രാസ് ഹൈക്കോടതിയിലും സുപ്രിംകോടതിയിലും സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ഉള്ളടക്കത്തെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരില്‍ ഒരാള്‍ ശക്തമായി എതിര്‍ത്തു. മാധ്യമങ്ങളെ തടയണമെന്ന ആവശ്യത്തിനെതിരേ അദ്ദേഹം നിലപാടെടുത്തതായി പറയപ്പെടുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം കമ്മിഷനിലെ നിരവധി ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്‌തെങ്കിലും നിരാകരിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ (സിഇസി) സുനില്‍ അറോറ ഏപ്രില്‍ 12 നു വിരമിച്ചിരുന്നു. തുടര്‍ന്ന് സുശീല്‍ ചന്ദ്രയെ സിഇസിയായും രാജീവ് കുമാറിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായും നിയമിച്ചു. മൂന്നാമത്തെ കമ്മിഷണറുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. പ്രചാരണ റാലികളില്‍ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയാതിരുന്നതിനാണ് മദ്രാസ് ഹൈക്കോടതി കടുത്ത വിമര്‍ശനമുന്നയിച്ചത്.
കമ്മിഷനെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. ഇതിനെതിരെയാണ് കമ്മിഷന്‍ നിയമ നടപടികളിലേക്ക് കടന്നത്. ഉത്തരവുകളിലോ വിധിന്യായങ്ങളിലോ രേഖപ്പെടുത്തിയിരിക്കുന്ന നിരീക്ഷണങ്ങള്‍ മാത്രമേ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യാവൂയെന്നും കോടതി നടപടികള്‍ക്കിടെ നടത്തിയ വാക്കാലുള്ള പ്രസ്താവനകള്‍ റിപോര്‍ട്ട് ചെയ്യുന്നതു വിലക്കണമെന്നുമായിരുന്നു കമ്മിഷന്റെ ആവശ്യം.
എന്നാല്‍ ഹൈക്കോടതി അപേക്ഷ സ്വീകരിച്ചില്ല. കേസുകള്‍ കേള്‍ക്കുന്നതിനിടെ ജഡ്ജിമാര്‍ നടത്തിയ നിരീക്ഷണങ്ങള്‍ വലിയ പൊതുതാല്‍പര്യത്തിലാണെന്നും അവ റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയാന്‍ കഴിയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
മദ്രാസ് ഹൈക്കോടതിയുടെ കുറ്റപ്പെടുത്തലിനു ശേഷം, സ്ഥാനാര്‍ത്ഥികളെയും കൗണ്ടിങ് ഏജന്റുമാരെയും നിര്‍ബന്ധിത കൊവിഡ് പരിശോധനയ്ക്കു വിധേയമാക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചിരുന്നു. വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിനു വിജയാഹ്ലാദ പ്രകടനങ്ങള്‍ നിരോധിക്കുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും തിരഞ്ഞെടുപ്പ് കമ്മിഷനില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ അന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ എതിര്‍ക്കുകയായിരുന്നു.

