ഭൂചലനം: അഫ്ഗാന്‍ ജനതയ്ക്ക് സഹായഹസ്തം നീട്ടി യുഎഇ

യുഎഇയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്ക് 30 ടണ്‍ അടിയന്തര ഭക്ഷ്യ വസ്തുക്കളുമായി വിമാനം അയച്ചു. ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരമാണ് സഹായഹസ്തമെത്തിയത്.

Update: 2022-06-24 18:25 GMT

അബുദാബി: ശക്തമായ ഭൂചലനത്തില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ട തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലേയ്ക്ക് അടിയന്തിര സഹായവുമായി യുഎഇ. യുഎഇയില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്ക് 30 ടണ്‍ അടിയന്തര ഭക്ഷ്യ വസ്തുക്കളുമായി വിമാനം അയച്ചു. ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരമാണ് സഹായഹസ്തമെത്തിയത്.

ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷനും എമിറേറ്റ്‌സ് റെഡ് ക്രസന്റും വിദേശകാര്യ മന്ത്രാലയത്തിന്റെയും രാജ്യാന്തര സഹകരണത്തിന്റെയും ഏകോപനത്തോടെ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. എമിറാത്തി ഹ്യുമാനിറ്റേറിയന്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള സംയുക്ത ദുരിതാശ്വാസപ്രവര്‍ത്തനം അയല്‍, സൗഹൃദ രാജ്യങ്ങളോട് മാനുഷിക പരിഗണന പുലര്‍ത്തുന്നതില്‍ യുഎഇക്കുള്ള പ്രതിബദ്ധത അടിവരയിടുന്നു.

കഴിഞ്ഞ ദിവസം പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുണ്ടായ ശക്തമായ ഭൂചലനത്തില്‍ 1000ത്തോളം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നൂറുകണക്കിന് കുടുംബങ്ങള്‍ ഭവനരഹിതരായിട്ടുണ്ട്. അധിനിവേശവും ആഭ്യന്തര സംഘര്‍ഷങ്ങളും മൂലം കടുത്ത ദുരിത മനുഭവിക്കുന്ന രാജ്യത്ത് ഭൂചലനം കൂനിന്‍മേല്‍കുരുവായിരിക്കുകയാണ്.

Tags: