തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം; ഒരാള്‍ മരിച്ചു, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

Update: 2023-02-27 16:36 GMT

അങ്കാറ: തുര്‍ക്കിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ദക്ഷിണ തുര്‍ക്കിയിലാണ് തിങ്കളാഴ്ച രാവിലെ വീണ്ടും ഭൂചലനമുണ്ടായത്. ഒരാള്‍ മരിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 69 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് റിപോര്‍ട്ട്. വന്‍ നാശം വിതച്ച ഭൂകമ്പങ്ങള്‍ കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഭൂചലനം സംഭവിച്ചിരിക്കുന്നത്.

തെക്കന്‍ തുര്‍ക്കിയിലെ മലാത്യ പ്രവിശ്യയിലെ യെസില്‍യുര്‍ത്തിലാണ് ഭൂകമ്പമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി യെസില്‍യുര്‍ത്ത് മേയര്‍ വ്യക്തമാക്കി. ഫെബ്രുവരി ആറിന് ഉണ്ടായ വന്‍ ഭൂകമ്പങ്ങളില്‍ തുര്‍ക്കിയിലും സിറിയയിലുമായി നാല്‍പതിനായിരത്തിലധികം പേരാണ് മരിച്ചത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി ആളുകളെ രക്ഷിക്കാനുള്ള തീവ്രശ്രമം ആരംഭിച്ചതായി തുര്‍ക്കി അധികൃതര്‍ പറഞ്ഞു.

തുര്‍ക്കിയിലും സിറിയയിലും 50,000ലധികം ആളുകള്‍ കൊല്ലപ്പെട്ട വന്‍ ഭൂകമ്പത്തിന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയത്. 6.15 കിലോമീറ്റര്‍ ആഴത്തില്‍നിന്നതായിരുന്നു പ്രഭവകേന്ദ്രം. മലത്യ പ്രവിശ്യയിലെ ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളെ ഒരു രക്ഷാസംഘം ജീവനോടെ പുറത്തെടുത്തു. ഇതേ കെട്ടിടത്തില്‍നിന്ന് മറ്റൊരാളെയും സൈന്യം രക്ഷിച്ചു. രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചതായി തുര്‍ക്കി ഡിസാസ്റ്റര്‍ ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി (എ.എഫ്.എ.ഡി) മേധാവി യൂനുസ് സെസര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മേഖലയില്‍ നാല് പുതിയ ഭൂകമ്പങ്ങളും അഞ്ചിനും ആറിനും ഇടയില്‍ തീവ്രതയുള്ള 45 തുടര്‍ചലനങ്ങളും ഉണ്ടായതായി ഭൂകമ്പത്തിന്റെയും അപകടസാധ്യത കുറയ്ക്കുന്നതിന്റെയും ജനറല്‍ ഡയറക്ടര്‍ ഒര്‍ഹാന്‍ ടാറ്റര്‍ പറഞ്ഞു. ഇത് വളരെ അസാധാരണമായ പ്രവര്‍ത്തനമാണെന്നും ടാറ്റര്‍ പറഞ്ഞു.

Tags: