ദക്ഷിണ പസഫിക് സമുദ്രത്തില്‍ ശക്തിയേറിയ ഭൂചലനം; വാനുവാടുവില്‍ സുനാമി മുന്നറിയിപ്പ്

Update: 2023-01-09 00:15 GMT

സിഡ്‌നി: പസഫിക് ദ്വീപ് രാഷ്ട്രമായ വാനുവാടു തീരത്ത് ഞായറാഴ്ച വൈകുന്നേരം റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. തീരത്തിന് സമീപത്തെ നിരവധി വീട്ടുകാര്‍ താമസസ്ഥലം വിട്ട് പലായനം ചെയ്തിട്ടുണ്ട്. അതേസമയം, വാനുവാടു, ന്യൂ കാലിഡോണിയ, സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ആദ്യം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഒന്നര മണിക്കൂറിന് ശേഷം ഇത് റദ്ദാക്കി.

ദ്വീപസമൂഹത്തിന്റെ തലസ്ഥാനമായ പോര്‍ട്ട് വിലയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ വടക്ക് എസ്പിരിറ്റു സാന്റോയുടെ വടക്കന്‍ ഉള്‍ക്കടലില്‍ ആയിരുന്നു ശക്തമായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാത്രി 11:30 ഓടെ 27 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. എസ്പിരിറ്റു സാന്റോ ഗ്രാമമായ പോര്‍ട്ട്ഓള്‍റിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ഇത്.

വേലിയേറ്റനിരപ്പില്‍ നിന്ന് 0.3 മുതല്‍ ഒരുമീറ്റര്‍ വരെ ഉയരുന്ന സുനാമി തിരമാലകള്‍ വാനുവാട്ടുവിന്റെ ചില തീരങ്ങളില്‍ ഉണ്ടായേക്കാം എന്നാണ് ഹവായിയിലെ എന്‍ ഡബ്ല്യു എസ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചത്. ന്യൂ കാലിഡോണിയയിലും സോളമന്‍ ദ്വീപുകളിലും 0.3 മീറ്ററില്‍ താഴെയുള്ള തിരമാലകളുണ്ടാവാന്‍ സാധ്യതയുണ്ട്. അതേസമയം രാജ്യത്ത് സുനാമി ഭീഷണിയില്ലെന്ന് ന്യൂസിലന്‍ഡിലെ നാഷനല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അറിയിച്ചു.

വനുവാടു പസഫിക് റിങ് ഓഫ് ഫയറിന്റെ ഭാഗമാണ്. ഭൂകമ്പവും അഗ്‌നിപര്‍വത സ്‌ഫോടനങ്ങളും പതിവായി അനുഭവപ്പെടുന്ന പ്രദേശമാണിത്. വനുവാടുവിന് വടക്കുള്ള സോളോമന്‍ ദ്വീപുകളില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കഴിഞ്ഞ നവംബറിലുണ്ടായിരുന്നു. 2018 ല്‍, ഇന്തോനേസ്യയിലെ സുലവേസി ദ്വീപില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ന്നുള്ള സുനാമിയും 4,300 ലധികം ആളുകളുടെ മരണത്തിന് കാരണമായി.

Tags: