സംസ്ഥാനത്ത് ഇ-പോസ് വീണ്ടും പണിമുടക്കി; ഓണക്കിറ്റ്, അരി വിതരണം താളംതെറ്റി
തിരുവനന്തപുരം: ഓണത്തിരക്കിനിടെ സംസ്ഥാനത്ത് വീണ്ടും ഇ-പോസ് പണിമുടക്കി. പല ജില്ലകളിലും ഇപോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായെന്നാണ് റിപോര്‍ട്ടുകള്‍. ഇതോടെ, ഓണക്കിറ്റും സ്‌പെഷ്യല്‍ അരി വിതരണവും ഉള്‍പ്പെടെ പ്രതിസന്ധിയിലായേക്കുമെന്നാണ് ആശങ്ക. ബയോമെട്രിക് സംവിധാനത്തിലെ തകരാറാണ് പ്രശ്‌നത്തിനു കാരണമെന്നാണ് നിഗമനം. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള ഒടിപി വഴി മാത്രമാണ് റേഷന്‍ നടക്കുന്നത്. ഓണത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് തകരാറ് എന്നത് പ്രതിസന്ധി രൂക്ഷമാക്കും. അതിനിടെ, ഓണക്കിറ്റ് വിതരണവും പൂര്‍ത്തിയായിട്ടിലല്ല. 10 ശതമാനം കിറ്റുകള്‍ മാത്രമാണ് വിതരണം ചെയ്തതെന്നാണ് വിവരം. ഇന്നലെ രാത്രി 10 വരെ 62,231 കിറ്റുകളാണ് ആകെ വിതരണം ചെയ്തത്. സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാര്‍ഡ് ഉപഭോക്താക്കള്‍ക്കാണ് കിറ്റ് നല്‍കുന്നത്. ഇന്നും നാളെയുമായി കിറ്റ് വിതരണം പൂര്‍ത്തിയാവുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനിടെയുണ്ടായ ഇ-പോസ് തകരാറ് ഓണക്കിറ്റ് വിതരണം താളംതെറ്റിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ന് ഉച്ചയോടെ മുഴുവന്‍ കിറ്റുകളും റേഷന്‍ കടകളില്‍ എത്തിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഇന്നലെ ഉച്ചയോടെ മുഴുവന്‍ കിറ്റുകളും റേഷന്‍ കടകളില്‍ എത്തിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും പായസം മിക്‌സും കറിപൊടികളും എത്തിയിരുന്നില്ല.