കണ്ണൂരില്‍ സിപിഎം നേതാവിനെതിരേ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതി
ഏരിയ കമ്മിറ്റി ഓഫിസിനുള്ളിലുള്ള മീഡിയ റൂമില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. തുടര്‍ന്ന് യുവതി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിനും സിപിഎം ജില്ല കമ്മിറ്റിക്കും പരാതി നല്‍കി.
കണ്ണൂർ: സിപിഎം ലോക്കല്‍ സെക്രട്ടറിയും പേരാവൂർ ഏരിയ കമ്മിറ്റി അംഗവുമായ യുവ നേതാവിനെതിരേ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതി. ഡിവൈഎഫ്ഐയുടെ ബ്ലോക്ക് ഭാരവാഹിയായാണ് വനിതാ നേതാവ്. ഡിവൈഎഫ്ഐയുടെ മുന്‍ ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നയാള്‍ക്കെതിരെയാണ് യുവതി പാർട്ടിക്ക് പരാതി നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ 22നാണ് പരാതിക്കാധാരമായ സംഭവം. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തില്‍ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മിറ്റി ഓഫിസില്‍ എത്താനും യുവ നേതാവ് വനിതാ നേതാവിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് ഏരിയ കമ്മിറ്റി ഓഫിസിനുള്ളിലുള്ള മീഡിയ റൂമില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. തുടര്‍ന്ന് യുവതി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിനും സിപിഎം ജില്ല കമ്മിറ്റിക്കും പരാതി നല്‍കി.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം പരാതിയില്‍ അടിയന്തര നടപടി എടുക്കാന്‍ പേരാവൂർ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍, സംഭവത്തില്‍ പെണ്‍കുട്ടി ഇതുവരെ പോലിസില്‍ പരാതി നല്‍കിയിട്ടില്ല.