കൊട്ടാരക്കരയിൽ ഡിവൈഎഫ്ഐ നേതാവിനെ ആർഎസ്എസുകാർ വെട്ടിപ്പരിക്കേൽപ്പിച്ചു
അക്രമം വ്യാപിപ്പിക്കാൻ ബിജെപി ആർഎസ്എസ് പ്രവർത്തകർ ശ്രമിക്കുകയാണെന്ന് സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം നേതാവിനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്.
കൊല്ലം: കൊട്ടാരക്കര നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമായ ഫൈസൽ ബഷീറിനെ ആർഎസ്എസുകാർ വെട്ടിപ്പരിക്കേൽപ്പിച്ചു. പതിനഞ്ചോളം ആർഎസ്എസ് പ്രവർത്തകർ ചേർന്നാണ് കൊലപാതക ശ്രമം നടത്തിയതെന്ന് സിപിഎം ആരോപിച്ചു.
ആർഎസ്എസ് ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ ഫൈസലിനെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കൊല്ലം എൻഎസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കൊട്ടാരക്കര എസ്ജി കോളജിൽ നടന്ന എസ്എഫ്ഐ-എബിവിപി സംഘട്ടനത്തിന് പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. കോളജ് യൂനിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് എബിവിപി സംഘർഷത്തിന് തുടക്കമിട്ടത്.
എസ്ജി കോളജിൽ കന്റീൻ പരിസരത്ത് വച്ച് എസ്എഫ്ഐ പ്രവർത്തകനെ ആക്രമിച്ചതോടെയാണ് ബുധനാഴ്ച്ച സംഘർഷം ഉടലെടുത്തത്. അക്രമം വ്യാപിപ്പിക്കാൻ ബിജെപി ആർഎസ്എസ് പ്രവർത്തകർ ശ്രമിക്കുകയാണെന്ന് സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം നേതാവിനെ ആർഎസ്എസ് പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചതെന്നകാര്യം ശ്രദ്ധേയമാണ്.