വിശ്രമജീവിതം നയിക്കുന്നവരെ ലക്ഷ്യമിട്ട് 55 വയസ്സ് പിന്നിട്ടവര്‍ക്ക് പുതിയ വീസയുമായി ദുബയ്

റിട്ടയര്‍ ഇന്‍ ദുബായ് എന്ന പേരിലാണ് 55 വയസ് പിന്നിട്ടവര്‍ക്കായി പുതിയ റസിഡന്റ് വിസ പ്രഖ്യാപിച്ചത്. 55 വയസിന് മുകളിലുള്ള വിദേശികള്‍ക്ക് റിട്ടയര്‍മെന്റ് വിസയ്ക്കായി അപേക്ഷിക്കാം.

Update: 2020-09-05 18:40 GMT

ദുബയ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തകര്‍ന്നടിഞ്ഞ സമ്പത്ത് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ശ്രദ്ധേയമാ നീക്കവുമായി ദുബയ് ഭരണകൂടം. വിശ്രമജീവിതം നയിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ വിസ പദ്ധതിയാണ് ദുബയ് നടപ്പാക്കിയിരിക്കുന്നത്. റിട്ടയര്‍ ഇന്‍ ദുബായ് എന്ന പേരിലാണ് 55 വയസ് പിന്നിട്ടവര്‍ക്കായി പുതിയ റസിഡന്റ് വിസ പ്രഖ്യാപിച്ചത്. 55 വയസിന് മുകളിലുള്ള വിദേശികള്‍ക്ക് റിട്ടയര്‍മെന്റ് വിസയ്ക്കായി അപേക്ഷിക്കാം. നിലവില്‍ ദുബയിയില്‍ താമസിക്കുന്നവര്‍ക്കും ഈ പദ്ധതിയുടെ ഭാഗമാവാം. 5 വര്‍ഷത്തെ കാലാവധിയുള്ള വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് എടുത്തിരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് പുതിയ വീസാ സമ്പ്രദായം നടപ്പാക്കുന്നത്.

വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സിന് പുറമെ പ്രതിമാസം 20000 ദിര്‍ഹം വരുമാനമോ 10 ലക്ഷം ദിര്‍ഹം സമ്പാദ്യമോ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ 20 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തം പേരില്‍ വേണം. വീസ അപേക്ഷ തള്ളിയാല്‍ ആരോഗ്യ ഇന്‍ഷൂറന്‍സിനായി മുടക്കിയ തുക തിരികെ ലഭിക്കും.

രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് മാത്രമായുള്ള 5 വര്‍ഷത്തെ റിട്ടയര്‍മെന്റ് വീസ പദ്ധതിയിക്ക് 2018 ല്‍ യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. 2019 ലാണ് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിയാണ് ഇപ്പോള്‍ പരിഷ്‌കരിച്ചിരിക്കുന്നത്.വിശ്രമജീവിതം ലക്ഷ്യം വെക്കുന്നവര്‍ക്ക് ദുബയിയെ ഒരു കേന്ദ്രമാക്കിമാറ്റുകയാണ് അധികൃതര്‍ പുതിയ വീസയിലൂടെ ലക്ഷ്യമിടുന്നത്.യുഎഇ വൈസ് പ്രസിഡന്റും ദുബയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ നിര്‍ദേശപ്രകാരം ദുബയ് ടൂറിസവും ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫേയ്‌സും ചേര്‍ന്നാണ് റിട്ടയര്‍ ഇന്‍ ദുബയി പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.

Tags:    

Similar News