ദുബയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു

Update: 2023-11-18 08:37 GMT

ദുബയ്: കറാമയില്‍ കഴിഞ്ഞമാസമുണ്ടായ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരു മലയാളികൂടി മരിച്ചു. തലശ്ശേരി പുന്നോല്‍ സ്വദേശി നഹീല്‍ നിസാറാ(26)ണ് മരണപ്പെട്ടത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ദുബയ് റാശിദ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന നഹീല്‍ നിസാറാണ് ഏറ്റവുമൊടുവില്‍ മരണത്തിനു കീഴടങ്ങിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17ന് അര്‍ധരാത്രിയാണ് കറാമ ബിന്‍ ഹൈദര്‍ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. മലപ്പുറം പറവണ്ണ സ്വദേശി യഅ്ഖൂബ് അബ്ദുല്ല, പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി നിധിന്‍ദാസ് എന്നിവര്‍ നേരത്തേ മരണപ്പെട്ടിരുന്നു. ഇന്ന് രാവിലെയാണ് നിഹാല്‍ നിസാര്‍ മരണപ്പെട്ടത്. ഡമാക്ക് ഹോള്‍ഡിങ് ജീവനക്കാരനായ നിഹാല്‍ തലശ്ശേരി പുന്നോല്‍ കഴിച്ചാല്‍ പൊന്നബത്ത് പൂഴിയില്‍ നിസാര്‍-ഷഫൂറ ദമ്പതികളുടെ മകനാണ്. മൃതദേഹം ദുബയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരു യുവാവ്കൂടി ആശുപത്രിയില്‍ ചികില്‍സയിലാണ്.

Tags: