ഡ്രോണ്‍ ആക്രമണ ഭീഷണി: അതിര്‍ത്തി ജില്ലയായ രജൗരിയില്‍ ഡ്രോണുകള്‍ക്ക് വിലക്ക്

മാപ്പിംഗ്, സര്‍വേ, നിരീക്ഷണം എന്നിവയ്ക്കായി ഡ്രോണ്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ ആദ്യം ലോക്കല്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജിനെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെയും അറിയിക്കേണ്ടതാണെന്നാണ് രാജൂരി ഡെപ്യൂട്ടി മജിസ്‌ട്രേറ്റ് ആര്‍കെ ഷവാന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

Update: 2021-06-30 17:23 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലയായ രജൗരിയില്‍ ഡ്രോണുകള്‍ ഉള്‍പ്പടെ താഴ്ന്ന് പറക്കുന്ന എല്ലാ വസ്തുക്കളുടേയും പ്രവര്‍ത്തനം നിരോധിച്ചു. നിയന്ത്രണം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ജമ്മുവിലെ വിമാനത്താവളത്തിനും സൈനിക ആസ്ഥാനങ്ങള്‍ക്കും നേരെ കഴിഞ്ഞ ദിവസം നടന്ന ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. മാപ്പിംഗ്, സര്‍വേ, നിരീക്ഷണം എന്നിവയ്ക്കായി ഡ്രോണ്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ ആദ്യം ലോക്കല്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജിനെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെയും അറിയിക്കേണ്ടതാണെന്നാണ് രാജൂരി ഡെപ്യൂട്ടി മജിസ്‌ട്രേറ്റ് ആര്‍കെ ഷവാന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ഡ്രോണുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ ഉടന്‍ തന്നെ അത് പ്രദേശിക പോലിസ് സ്‌റ്റേഷനില്‍ ഹാജരാക്കണമെന്നും ഉത്തരവിലുണ്ട്. കഴിഞ്ഞ 10-15 വര്‍ഷമായി പ്രദേശത്ത് ഡ്രോണുകളുടെ ഉപയോഗം വര്‍ധിച്ചിരിക്കുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിലൂടെ പറയുന്നു. സിആര്‍പിസി സെക്ഷന്‍ 144 പ്രകാരമാണ് മജിസ്‌ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചത്. ഞായറാഴ്ച ജമ്മുവിലെ വിമാനത്താവളത്തിന് നേരെ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ജമ്മുവിലെ കലുചക് സൈനിക താവളത്തിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന ഡ്രോണുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത സുരക്ഷാ സേന 24 മണിക്കൂറിനുള്ളില്‍ ഇത്തരത്തിലുള്ള മറ്റൊരു ആക്രമണം തടയുകയുമുണ്ടായി. ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്താനെന്നാണ് ഇന്ത്യയുടെ ആരോപണം. അതിര്‍ത്തിയില്‍ നേരത്തെയും ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഒരു പ്രധാന പ്രതിരോധ സംവിധാനത്തിന് നേരെ ഇതാദ്യമായാണ് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണം നടക്കുന്നതെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്.

Tags:    

Similar News