തലസ്ഥാനത്ത് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ പറത്തി; ഒരാള്‍ അറസ്റ്റില്‍

Update: 2019-03-31 01:14 GMT

തിരുവനന്തപുരം: വിമാനത്താവളത്തിന് സമീപത്തിന് നിന്ന് ഇന്നലെ അര്‍ധരാത്രിയോടെ കണ്ടെത്തിയ ഡ്രോണിന്റെ ഉടമസ്ഥനെ പോലിസ് പിടികൂടി. വിമാനത്താവളത്തിന്റെ കാര്‍ഗോ കോംപ്ലക്‌സിന് സമീപത്തായാണ് ഇന്നലെ അര്‍ധരാത്രിയോടെ ഡ്രോണ്‍ കണ്ടെത്തിയത്. പിടികൂടിയ ചൈനീസ് നിര്‍മിത ഡ്രോണ്‍ സിഐഎസ്എഫ് രാത്രി തന്നെ പോലിസിന് കൈമാറി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡ്രോണിന്റെ ഉടമസ്ഥനെ പോലിസ് അറസ്റ്റ് ചെയ്തത്.

ശ്രീകാര്യം സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. ഡ്രോണിന്റെ റിമോര്‍ട്ട് പോലിസ് നൗഷാദില്‍ നിന്ന് പിടിച്ചെടുത്തു. വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ പറത്തിയിട്ടുണ്ടെന്ന് നൗഷാദ് പറഞ്ഞതായി പോലിസ് അറിയിച്ചു. ഡ്രോണ്‍, വിദേശത്തുള്ള ബന്ധു നൗഷാദിന് സമ്മാനിച്ചതാണ്. നൗഷാദ് വിമാനത്താവളത്തിന് സമീപം മുമ്പും ഡ്രോണ്‍ പറത്തിയിട്ടുള്ളതായി പോലിസ് പറഞ്ഞു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് പോലിസ് അറിയിച്ചു

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളില്‍ ഡ്രോണുകള്‍ കണ്ടതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ ഡ്രോണുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയുള്ള കര്‍ശന നടപടികളിലേക്ക് പോലിസ് കടക്കുകയും ചെയ്തു. ഡിജിസിഎയുടെ അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞിരുന്നു.