'യുവാക്കളുടെ ക്ഷമയില്‍ അഗ്നിപരീക്ഷ നടത്തരുത്'; അഗ്നിപഥ് പദ്ധതിക്ക് എതിരെ രാഹുല്‍ ഗാന്ധി
'പ്രധാനമന്ത്രി, രാജ്യത്തെ തൊഴില്‍ രഹിതരായ യുവാക്കളുടെ ശബ്ദം കേള്‍ക്കൂ. അവരുടെ ക്ഷമയില്‍ അഗ്നിപരീക്ഷ നടത്തരുത്.'- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്ക് എതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സൈനിക പദ്ധതിക്ക് എതിരേ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തുവന്നിരിക്കുന്നത്.
'പ്രധാനമന്ത്രി, രാജ്യത്തെ തൊഴില്‍ രഹിതരായ യുവാക്കളുടെ ശബ്ദം കേള്‍ക്കൂ. അവരുടെ ക്ഷമയില്‍ അഗ്നിപരീക്ഷ നടത്തരുത്.'- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്ര നീക്കത്തിന് എതിരേ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തുവന്നിട്ടുണ്ട്. 'റാങ്കും പെന്‍ഷനുമില്ല. രണ്ടുവര്‍ഷത്തേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റില്ല. നാലു വര്‍ഷത്തിന് ശേഷം സുസ്ഥിരമായ ഭാവിയില്ല. സൈന്യത്തോട് സര്‍ക്കാരിന് ബഹുമാനമില്ല.'-പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതി എന്താണ് യുവാക്കള്‍ക്ക് നല്‍കുന്നത്? നാലു വര്‍ഷത്തിന് ശേഷം തൊഴില്‍ സുരക്ഷയില്ല. പെന്‍ഷനില്ല. നരേന്ദ്ര മോദി യുവാക്കളുടെ സ്വപ്‌നങ്ങള്‍ ഇല്ലാതാക്കരുത്'- പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
അതേസമയം, പുതിയ സൈനിക റിക്രൂട്ട്‌മെന്റ് നയത്തിന് എതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്. നിര്‍ദ്ദിഷ്ട പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിഹാറില്‍ സമര രംഗത്തുള്ള ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെടുത്തി. സമരക്കാര്‍ ട്രെയിന് തീയിട്ടു.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നു. നവാഡയില്‍ പ്രതിഷേധക്കാര്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് തീവെച്ചു. ജഹാനാബാദിലും വിദ്യാര്‍ത്ഥികള്‍ അടക്കം നൂറുകണക്കിന് പേരാണ് പദ്ധതിക്കെതിരെ പ്രതിഷേധവുമായി തെരുവികളിലിറങ്ങിയത്. റെയില്‍ റോഡ് ഗതാഗതം തടഞ്ഞ സമരക്കാര്‍ റോഡില്‍ ടയറുകള്‍ക്ക് തീയിടുകയും ചെയ്തിരുന്നു.
