മോദിയുമായുള്ള വേദിയില്‍ 'ജയ് ശ്രീറാം' വിളി മുഴങ്ങി; 'ക്ഷണിച്ചതിന് ശേഷം അപമാനിക്കരുതെന്ന് മമത, പ്രസംഗം ബഹിഷ്‌കരിച്ചു

Update: 2021-01-24 01:18 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ നടക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികാഘോഷപരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരിക്കുന്ന വേദിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. മമതയെ നേതാജി അനുസ്മരണപ്രഭാഷണം നടത്താന്‍ ക്ഷണിച്ചപ്പോള്‍ ഉറക്കെ മുഴങ്ങിയ 'ജയ് ശ്രീറാം' വിളികളാണ് അവരെ പ്രകോപിതയാക്കിയത്.

ഇതൊരു രാഷ്ട്രീയപരിപാടിയല്ല, സര്‍ക്കാര്‍ പരിപാടിയാണെന്നും, അവിടെ അതനുസരിച്ച് പെരുമാറണമെന്നും, ഇവിടെ സംസാരിക്കാനുദ്ദേശിച്ചിട്ടില്ലെന്നും, അവിടെ തടിച്ചുകൂടിയ ബിജെപി പ്രവര്‍ത്തകരോടുകൂടിയായി അവര്‍ പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും വേദിയിലിരിക്കുകയായിരുന്നു. ഇതിന് ശേഷം സംസാരിക്കാന്‍ വിസമ്മതിച്ച് അവര്‍ സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങിപ്പോയി. നാടകീയസംഭവങ്ങളാണ് കൊല്‍ക്കത്തയിലെ വിക്ടോറിയ ടെര്‍മിനസില്‍ അരങ്ങേറിയത്.

നേതാജിയുടെ 125-ാം ജന്മവാര്‍ഷികം വിപുലമായ ആഘോഷപരിപാടികളോടെ, കൊല്‍ക്കത്തയിലും രാജ്യമെമ്പാടും, പരാക്രം ദിവസമായി ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. പരിപാടി സംഘടിപ്പിച്ചതില്‍ നന്ദി അറിയിച്ച മുഖ്യമന്ത്രി മമത ബാനര്‍ജി താന്‍ അപമാനിക്കപ്പെട്ടുവെന്ന് വേദിയില്‍ വെച്ച് വ്യക്തമാക്കി.

125-ാം വാര്‍ഷികദിവസം നടത്തിയ തിരഞ്ഞെടുപ്പ് റാലികളില്‍ രാവിലെ പല തവണയായി ബിജെപിക്കെതിരെ ആഞ്ഞടിച്ച ശേഷമാണ് മോദിയിരിക്കുന്ന വേദിയില്‍ത്തന്നെ മമത രോഷം പ്രകടമാക്കുന്നത്. ബിജെപി നേതാജിയെ ഒരു ബിംബമാക്കാന്‍ ശ്രമിക്കുകയാണെന്നും, ഒന്നും ചെയ്യുന്നില്ലെന്നും മമത ആരോപിച്ചു. മാത്രമല്ല, നേതാജിയുടെ സ്വന്തം ആശയമായിരുന്ന പ്ലാനിംഗ് കമ്മീഷന്‍ അടക്കമുള്ളവ ഇല്ലാതാക്കിക്കളയുകയും ചെയ്തു. ജനുവരി 23 ദേശീയ അവധിയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും, ആസാദ് ഹിന്ദ് ഫൗജിന്റെ പേരില്‍ സംസ്ഥാനസര്‍ക്കാര്‍ ഒരു സ്മാരകം പണിയുമെന്നും മമത പ്രഖ്യാപിച്ചു. രജര്‍ഘട്ട് മേഖലയില്‍ നേതാജിയുടെ പേരില്‍ സര്‍വകലാശാല സ്ഥാപിക്കുമെന്നും മമത പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മമതയ്ക്ക് ശേഷം സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. കുട്ടിക്കാലം മുതല്‍ നേതാജിയുടെ സ്വാധീനം തന്നിലുണ്ടായെന്ന് മോദി പറഞ്ഞു. കൊല്‍ക്കത്ത സന്ദര്‍ശനം തനിക്ക് വൈകാരികാനുഭവം കൂടിയാണ്. നേതാജിയുടെ ആശയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് എന്നും വഴികാട്ടിയാണെന്നും മോദി പറഞ്ഞു.

അതേസമയം നേതാജി ദിനാചരണത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ റാലിയുടെ സമാപനത്തില്‍ മമത കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചു. നേതാജിയുടെ ജന്മവാര്‍ഷികം ദേശീയ അവധിയായി കേന്ദ്രം പ്രഖ്യാപിക്കാത്തതില്‍ അവര്‍ പ്രതിഷേധിച്ചു. 'നിങ്ങള്‍ പുതിയ പാര്‍ലമെന്റ് നിര്‍മിക്കുന്നു. പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. എന്തുകൊണ്ടാണ് നേതാജിക്ക് സ്മാരകം നിര്‍മ്മിക്കാത്തത്. നിങ്ങള്‍ക്ക് ഏത് തുറമുഖത്തിനു വേണമെങ്കിലും ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് നല്‍കാം. എന്നാല്‍ രാജീവ് ഗാന്ധിയെ കൊണ്ട് കൊല്‍ക്കത്ത വിമാനത്താവളത്തിന്റെ പേര് നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം എന്ന് പുനര്‍നാമകരണം ചെയ്യിക്കാന്‍ എനിക്ക് സാധിച്ചു.' - മമത പറഞ്ഞു.